ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്ന് മാണി സി. കാപ്പൻ

കോട്ടയം: ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്ന് എൻ.സി.പി നേതാവ് മാണി സി. കാപ്പൻ എം.എൽ.എ. ഇക്കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിസന്ധിയിലായിരുന്ന സമയത്താണ് പാലാ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്നത്. അന്ന് ഞാൻ പറഞ്ഞത് ഇതു ഭാഗ്യമാണെന്നും നമ്മൾ ജയിക്കും എന്നുമാണ്. മുന്നണിക്ക് തിരിച്ചുവരാനുള്ള സമയമാണിതെന്നും പറഞ്ഞു. അതുപോലെ സംഭവിച്ചു.

പാലായിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന കക്ഷി തന്നോട് ചോദിക്കാനുള്ള മര്യാദ കാണിക്കണമായിരുന്നു. ഞാനാണെങ്കിൽ കാണിച്ചേനെ. അത് കാണിച്ചില്ലെന്നു മാത്രമല്ല, അവരുടെ പാർട്ടിയുടെ സാമൂഹികമാധ്യമ കൂട്ടായ്മയിലൂടെ എന്നെ ആക്രമിക്കാൻ ശ്രമിച്ചു.

കുട്ടനാട്ടിൽ മത്സരിക്കാൻ താനില്ല എന്ന് വ്യക്തമാക്കിയതാണ്. പ്രധാന കാരണം, തോമസ് ചാണ്ടിയുടെ അനുജന് സീറ്റു നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഇടതുമുന്നണിക്ക് കത്ത് നൽകിയിട്ടുണ്ട്. ആ നിലയ്ക്ക് ആ സീറ്റ് എടുക്കുന്നത് മര്യാദകേടായി തോന്നി.

മുഖ്യമന്ത്രിയുമായി സംസാരിക്കാൻ ശരദ്‌ പവാർ ചുമതലപ്പെടുത്തിയിരുന്നു. പകരം രാജ്യസഭാ സീറ്റ് ചോദിച്ചിട്ടും ലഭിച്ചില്ല.

എ.കെ. ശശീന്ദ്രൻ കൂടെ വരുമെന്ന് തോന്നുന്നില്ല. താൻ ശശീന്ദ്രന്‍റെ മണ്ഡലമായ എലത്തൂരേക്ക് മാറാമെന്നും പകരം കുട്ടനാട്ടിൽ മത്സരിച്ചോളൂവെന്നും പറഞ്ഞതാണ്. അതിന് ശേഷം ആ വിഷയം ശശീന്ദ്രൻ മിണ്ടിയിട്ടില്ല.

യു.ഡി.എഫ് നേതാക്കളുമായി നല്ല ബന്ധമാണ്. ഇടതുമുന്നണി വിടുന്ന കാര്യം ദേശീയ നേതൃത്വമാണ് പ്രഖ്യാപിക്കേണ്ടതെന്നും മാണി സി. കാപ്പൻ പറഞ്ഞു. 

Tags:    
News Summary - ldf treated me unfairly says mani c kappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.