കാസർകോട്: താമരവിരിയിക്കാനുള്ള ബി.ജെ.പിയുടെ പതിനെട്ടടവും തകർത്തെറിഞ്ഞ് വീണ്ടും കാസർകോടൻ ജനത. പണക്കൊഴുപ്പും വിഭജന രാഷ്ട്രീയവും പാരമ്യതയിൽ എത്തിയിട്ടും കാസർകോട്ട് എല്ലാം പഴയതുപോലെ തന്നെ. ബി.ജെ.പിക്കെതിരെ മികച്ച വിജയം നേടിയ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ യു.ഡി.എഫ് വോട്ടുകൾ വർധിക്കുകയും ചെയ്തു.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങൾ എൽ.ഡി.എഫും കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾ യു.ഡി.എഫും നിലനിർത്തി. കാസർകോട്ടും മഞ്ചേശ്വരത്തും പതിവുപോലെ ബി.ജെ.പി തന്നെയാണ് രണ്ടാം സ്ഥാനത്ത്. മഞ്ചേശ്വരത്ത് 2016ൽ 89 വോട്ടിനാണ് മുസ്ലിം ലീഗിലെ പി.ബി. അബ്ദുറസാഖിനോട് ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്.
പി.ബി. അബ്ദുറസാഖിെൻറ ആകസ്മിക മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എം.സി. ഖമറുദ്ദീൻ 7,923 വോട്ടിന് ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയെങ്കിലും മഞ്ചേശ്വരം ബി.ജെ.പിയിലെ എ ക്ലാസ് മണ്ഡലമായി തുടർന്നു. ബി.ജെ.പി സംസ്ഥാനത്ത് ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരം നേടുമെന്ന് വിവിധ സർവേ റിപ്പോർട്ടുകളും പുറത്തുവന്നു. വാശിയേറിയ പോരാട്ടത്തിൽ 745 വോട്ടിനാണ് ഇത്തവണ യു.ഡി.എഫ് ബി.ജെ.പിയെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണൽ വേളയിൽ ഒരിക്കൽപോലും സുരേന്ദ്രൻ മുന്നിലെത്തിയില്ല.
കാസർകോട് മണ്ഡലത്തിൽ മുസ്ലിം ലീഗിലെ എൻ.എ. നെല്ലിക്കുന്ന് 12,901 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാൾ (8607) നാലായിരത്തിലധികം ഭൂരിപക്ഷം ലഭിച്ചു. ഉദുമയിൽ സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പുവിന് 12,616 വോട്ടാണ് ഭൂരിപക്ഷം. കഴിഞ്ഞതവണ കെ. കുഞ്ഞിരാമന് 3,832 വോട്ടിെൻറ ഭൂരിപക്ഷമാണുണ്ടായിരുന്നത്. തൃക്കരിപ്പൂരിൽ സി.പി.എമ്മിലെ എം. രാജഗോപാലും കാഞ്ഞങ്ങാട്ട് റവന്യൂ മന്ത്രികൂടിയായ സി.പി.ഐയിലെ ഇ. ചന്ദ്രശേഖരനും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.