തിരുവനന്തപുരം: വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ഹൈകമാൻഡ് തീരുമാനത്തെ യു.ഡി.എഫ് നേതാക്കൾ സ്വാഗതം ചെയ്തു.
സതീശെൻറ നിയമനത്തെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി വി.ഡി. സതീശനെ ഹൈകമാൻഡ് നിയമിച്ചത് മാധ്യമങ്ങളെ അറിയിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തില്‍ നേതൃത്വം കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വ്യക്തമാക്കി ഹൈകമാന്‍ഡിന് കത്ത് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പരാജയത്തിെൻറ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സതീശനെ നിയമിച്ച കാര്യം അറിയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെയും യു.ഡി.എഫിനെയും ശക്തമായി തിരിച്ചു കൊണ്ടുവരാൻ സഹായകമായ തീരുമാനമാണ് പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ നിശ്ചയിച്ചതിലൂടെ പാർട്ടി ഹൈകമാൻഡ് കൈക്കൊണ്ടതെന്ന് മുതിർന്ന നേതാവ് എ.കെ. ആൻറണി അറിയിച്ചു.
കോൺഗ്രസിലേക്ക് യുവതലമുറയെ ആകർഷിക്കാൻ സതീശെൻറ നേതൃത്വത്തിന് കഴിയുമെന്ന് കെ. സുധാകരൻ എം.പി. തലമുറ മാറ്റം എന്ന ആവശ്യം ഹൈകമാൻഡ് അംഗീകരിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ, രമേശ് ചെന്നിത്തല കഴിവുള്ള പ്രതിപക്ഷ നേതാവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി. സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതിന് യൂത്ത് കോൺഗ്രസ് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. കഠിനാധ്വാനം ചെയ്യാം. ജനങ്ങൾക്കൊപ്പം നിൽക്കാം. പുതുതലമുറ വഴിവിളക്കുകളാകണം. ഇനി ഒരു മനസ്സോടെ, ഒരു ലക്ഷ്യത്തോടെ കോൺഗ്രസുകാർ മുന്നോട്ടെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.
തലമുറ മാറ്റം പാർട്ടി നേതൃത്വത്തിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഹൈബി ഈഡൻ എം.പി. പൊതുവികാരം മനസ്സിലാക്കി തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കാൽനൂറ്റാണ്ടായി പൊതുരംഗത്തുള്ള അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.
ചെന്നിത്തലക്ക് കുറവുള്ളതുകൊണ്ടല്ല മാറ്റിയതെന്നും ഹൈകമാൻഡ് തീരുമാനം തലമുറമാറ്റമായി കണ്ടാൽ മതിയെന്നും കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. പുതിയ നേതൃത്വം എന്ന ചിന്ത പൊതുവേ ഉണ്ട്. നേതൃതലത്തിൽ ഇനിയും മാറ്റമുണ്ടാകാം. ഘടകകക്ഷികളെ ഒന്നിച്ചു കൊണ്ടുപോകാൻ സതീശന് കഴിയുമെന്നും ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.