മലപ്പുറം: എം.എൽ.എമാരായ എം.സി ഖമറുദ്ദീൻ, കെ.എം ഷാജി എന്നിവർക്കെതിരായ കേസുകൾ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. അറസ്റ്റിലായ എം.സി ഖമറുദ്ദീൻ എം.എൽ.എ രാജിവെക്കേണ്ടെന്ന നിലപാട് നേതൃത്വം ആവർത്തിച്ചു. സ്വർണ കടത്ത്, മയക്കു മരുന്ന് കടത്ത്, ഡോളർ കയറ്റുമതി തുടങ്ങി ഗുരുതരമായ കേസുകളിൽ കുടുങ്ങി നട്ടം തിരിയുന്ന പിണറായി സർക്കാർ അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് നിസാരമായ കാര്യങ്ങളിൽ കേസെടുത്ത് അറസ്റ്റു പോലുള്ള നടപടികളിലേക്ക് തിരിയുന്നതെന്ന് പാർട്ടി നേതൃത്വം വിലയിരുത്തി.
പ്രതികാരം തീർക്കാനാണ് വിജിലൻസ് അന്വേഷണമെന്നും പ്രബുദ്ധരായ ജനം ഇത് തിരിച്ചറിയുമെന്നുമാണ് ലീഗ് കരുതുന്നത്. യു.ഡി.എഫ് നേതാക്കൾക്കെതിരായ നടപടികൊണ്ടൊന്നും ഇടതുപക്ഷം രക്ഷപ്പെടില്ലെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ലഭിക്കുമെന്നും നേതൃത്വം വിശ്വസിക്കുന്നു. അതേസമയം, ഇ.ഡിയുടെ അന്വേഷണത്തിനെതിരെ ലീഗ് ആക്ഷേപമുന്നയിക്കാത്തത് ശ്രദ്ധേയമാണ്. അങ്ങനെയൊരു നിലപാട് സ്വീകരിച്ചാൽ സി.പി.എം വാദം അംഗീകരിക്കുന്നതിന് തുല്യമാവുമെന്നതിനാലാണ് പരസ്യമായി ഒന്നും പറയാത്തത്.
സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ശനിയാഴ്ച രാവിലെയാണ് യോഗം നടന്നത്. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായ കെ.എം. ഷാജി എം.എൽ.എയെ യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിശദീകരണം അദ്ദേഹം നൽകി. എം.എൽ.എമാർക്കെതിരെ കേസുകൾ ചർച്ച ചെയ്തതായി യോഗ ശേഷം പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ജന ശ്രദ്ധ തിരിച്ചു വിടാനാണ് നിസാരമായ സംഭവങ്ങളുടെ പേരിൽ ലീഗ് എം.എൽ.എമാരെ പ്രതിയാക്കി അറസ്റ്റ് ചെയ്ത് ജയിലിലിടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേസുകൾ കെട്ടിച്ചമക്കുകയാണ്. അധികാരമൊഴിയാൻ പോകുന്ന സർക്കാരാണ് അസാധാരണമായ നടപടികളെടുക്കുന്നത്. മുമ്പുണ്ടാവാത്ത രീതിയാണിത്. പട്ടിക തയാറാക്കി വിജിലൻസിനെ ഉപയോഗിച്ച് ഒരു ഡസൻ എം.എൽ.എമാർക്കെതിരെ കേസെടുക്കുമെന്നാണ് എ. വിജയരാഘവനെ പോലുള്ളവരുടെ ഭീഷണി. തെരഞ്ഞെടുപ്പിൽ 25 ലക്ഷം അധികം ചെലവഴിച്ചു, ബിസിനസ് പൊളിഞ്ഞപ്പോൾ നിക്ഷേപം തിരിച്ചു നൽകിയില്ല തുടങ്ങിയ നിസാര കേസുകളുടെ പേരിലാണിത്. കേസുകൾക്ക് മുന്നിൽ പതറുന്ന പാർട്ടിയല്ല ലീഗ്. എൽ.ഡി.എഫ്, യു.ഡി.എഫ് കേസുകളിൽ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ്, സാദിഖലി ശിഹാബ് തങ്ങൾ, പി.വി വഹാബ്, എം.കെ മുനീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.