കൊല്ലം: വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടിയാണ് പാർട്ടിയിൽനിന്ന് അവധി ആവശ്യപ്പെട്ടതെന്നും അതിന് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചെന്ന വ്യാഖ്യാനം ശരിയല്ലെന്നും മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബിജോൺ. പാർട്ടി അവധി അനുവദിച്ചിട്ടില്ല. വ്യക്തിപരമായ കാര്യങ്ങൾക്ക് കൂടുതൽ സമയം വിനിയോഗിക്കേണ്ട ആവശ്യമുണ്ട്. പാർട്ടി കടുത്ത പ്രതിസന്ധിയിലായിരിക്കെ, കൂടുതൽ പ്രശ്നമുണ്ടാക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിബുവിെൻറ ചവറയിലുൾപ്പെടെ ആർ.എസ്.പിക്കുണ്ടായ പരാജയത്തെതുടർന്ന് പാർട്ടിക്കുള്ളിലുണ്ടായ ഭിന്നതയുടെകൂടി പശ്ചാത്തലത്തിലാണ് അവധിയെടുക്കലെന്നാണ് സൂചന. പാർട്ടിയുടെയും മുന്നണിയുടെയും പ്രവർത്തനത്തിലുള്ള അതൃപ്തി അദ്ദേഹം നേരത്തേതന്നെ പ്രകടിപ്പിച്ചിരുന്നു. യു.ഡി.എഫ് വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിൽ തോറ്റെന്നത് കൊണ്ടുമാത്രം മുന്നണിവിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം മാറിവരുന്ന സാഹചര്യം വന്നാൽ അപ്പോൾ ആലോചിക്കും. പ്രതിപക്ഷ നേതാവിനെ കോൺഗ്രസ് ഹൈകമാൻഡാണ് തീരുമാനിക്കുന്നതെങ്കിൽ അക്കാര്യം നേരത്തേതന്നെ കൈക്കൊള്ളാമായിരുന്നു. തീരുമാനങ്ങൾ എന്തായാലും അത് സമയബന്ധിതമായി എടുക്കാൻ ഇനിയെങ്കിലും കോൺഗ്രസും യു.ഡി.എഫും തയാറാകണം.
മുഖ്യമന്ത്രിയുടെ മരുമകനെയും പാർട്ടി സെക്രട്ടറിയുടെ ഭാര്യയെയും മന്ത്രിമാരാക്കാൻ സി.പി.എം തീരുമാനിച്ചപ്പോൾ ഒരു അപശബ്ദവുമുണ്ടായില്ല. ഇത്തരത്തിെലാന്ന് യു.ഡി.എഫിലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ചവറയിൽ കോൺഗ്രസിെൻറയും ആർ.എസ്.പിയുടെയും അനുഭാവികളുടെ വോട്ട് ലഭിച്ചില്ല. പൊതുവെ, അരാഷ്ട്രീയ, സാമുദായിക ഘടകങ്ങൾ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ സ്വാധീനം നേടുന്ന സാഹചര്യമുണ്ട്. -ഷിബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.