തിരുവനന്തപുരം: നഗരത്തിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് (മീറ്റർ കമ്പനി) രണ്ടരക്കോടിയുടെ കരാർ കോർപറേഷൻ നൽകിയത് സർക്കാർ ഉത്തരവുകൾ കാറ്റിൽപറത്തി.
അഞ്ച് ലക്ഷത്തിന് മുകളിലുള്ള കരാറുകളെല്ലാം ഇ-ടെൻഡർ വിളിക്കാതെ നൽകുന്നത് ചട്ടവിരുദ്ധമാണെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം ചൂണ്ടിക്കാട്ടിയിട്ടും ജനകീയാസൂത്രണ വിഭാഗത്തിലെ രണ്ട് ജീവനക്കാർക്ക് ലക്ഷങ്ങൾ കൈമടക്ക് നൽകിയും ഭരണസമിതിയിലെ ചില നേതാക്കളെ കാണേണ്ടരീതിയിൽ കണ്ടുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണെൻറ ഭാര്യാസഹോദരൻ ജനറൽ മാനേജറായിട്ടുള്ള കൊല്ലത്തെ കമ്പനിക്ക് കരാർ ഉറപ്പിച്ചതെന്നാണ് ആക്ഷേപം.
10,000 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാനായിരുന്നു ഭരണസമിതി ലക്ഷ്യമിട്ടത്. അപേക്ഷ ക്ഷണിച്ചതനുസരിച്ച് പൊതുമേഖല സ്ഥാപനങ്ങളായ കെൽട്രോൺ, കെ.എസ്.ഐ.ഇ, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് ലിമിറ്റഡ് (കെൽ) -2350 രൂപയും മീറ്റർ കമ്പനി- 2450 രൂപയുമാണ് ഒരു യൂനിറ്റ് സ്ഥാപിക്കാനായി ക്വട്ടേഷൻ നൽകിയത്. എന്നാൽ രാഷ്ട്രീയ സമ്മർദങ്ങളെ തുടർന്ന് ഇ-ടെൻഡർപോലും ഉപേക്ഷിച്ച് ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയ മീറ്റർ കമ്പനിക്ക് ഭരണസമിതി കരാർ നൽകുകയായിരുന്നു.
സ്വന്തമായി ഉൽപന്നങ്ങൾ നിർമിച്ചുനൽകുന്ന സർക്കാർ ഏജൻസികളിൽനിന്ന് ടെൻഡർ വിളിക്കാതെ സാധനങ്ങൾ വാങ്ങാൻ 2016ൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഇതുപ്രകാരം തദ്ദേശസ്ഥാപനങ്ങൾക്കാവശ്യമായ എൽ.ഇ.ഡി ലൈറ്റുകളും സ്പെയർ പാർട്സുകളും സ്വന്തമായി നിർമിക്കുന്നുണ്ടെന്ന് കാണിച്ച് മീറ്റർ കമ്പനി മാനേജിങ് ഡയറക്ടർ സർക്കാറിന് കത്ത് നൽകിയിരുന്നു.
കത്തിെൻറ അടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബർ 31ന് ടെൻഡർ കൂടാതെ സാധനങ്ങൾ നൽകാനുള്ള പട്ടികയിൽ മീറ്റർ കമ്പനിയെയും ഇടത് സർക്കാർ ഉൾപ്പെടുത്തിയത്. അതും ഒരു പരിശോധനയും ഇല്ലാതെ.
എന്നാൽ എൽ.ഇ.ഡി ലൈറ്റുകൾ നിർമിക്കുന്നതിന് പകരം സ്വകാര്യകമ്പനികളിൽനിന്ന് ലൈറ്റുകൾ വാങ്ങി അതിൽ യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിെൻറ സ്റ്റിക്കർ പതിച്ചശേഷം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്ക് കൂടിയ തുകക്ക് കൈമാറുകയാണ് കമ്പനി ചെയ്തത്. ഇത്തരത്തിൽ തങ്ങളുടേതെന്ന ലേബലിൽ കഴിഞ്ഞ വർഷം തിരുവനന്തപുരം കോർപറേഷന് നൽകിയ എൽ.ഇ.ഡി ലൈറ്റുകൾ പ്രമുഖ കമ്പനിയായ 'ക്രോംപ്ടണി'േൻറതായിരുന്നുവെന്ന് നഗരസഭയുടെ എൻജിനീയറിങ് വിഭാഗം കണ്ടെത്തിയിരുന്നു.
ഇതുസംബന്ധിച്ച് മേയർ ആര്യാ രാജേന്ദ്രനെയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലിനെയും ഉദ്യോഗസ്ഥർ വിവരങ്ങൾ ധരിപ്പിച്ചെങ്കിലും മീറ്റർ കമ്പനിക്ക് തന്നെ കരാർ നൽകാനായിരുന്നു നിർദേശം. പേപ്പറുകൾ ശരിയാക്കാൻ രണ്ട് ജീവനക്കാരുടെ ഒത്താശയും ഭരണസമിതിക്കുണ്ടായിരുന്നു. ഇരുവർക്കും അഞ്ച് ലക്ഷം വീതം കൈക്കൂലി നൽകിയെന്ന ആരോപണവും ശക്തമാണ്.
സ്വന്തമായി ഉൽപന്നങ്ങൾ നിർമിക്കാത്ത പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വർക്ക് ഓഡറിെൻറ 50 ശതമാനം മാത്രമേ ടെൻഡറില്ലാതെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്ക് വാങ്ങാൻ സാധിക്കൂ.
50 ശതമാനത്തിന് മുകളിലാണെങ്കിൽ ബ്രാൻഡഡ് ഉൽപന്നങ്ങളടക്കം ഓപൺ ടെൻഡർ വിളിച്ച് കരാർ നൽകണമെന്നാണ് 2016 ഡിസംബർ എട്ടിലെ സർക്കാർ ഉത്തരവ്. ഈ ഉത്തരവും കോർപറേഷൻ ദൂരെയെറിഞ്ഞു. 10,000 ലൈറ്റുകളുടെയും വർക്ക് ഓഡർ മീറ്റർ കമ്പനിക്ക് മാത്രമായിരുന്നു. ഇതിനെതിരെ മറ്റൊരു പൊതുമേഖല സ്ഥാപനമായ 'കെൽ' പരാതിയുമായി മേയറെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.