കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസിന് നിയമോപദേശം. അതിജീവതയുടെ മൊഴിയിലെ നിസ്സാര കാര്യങ്ങൾ പർവതീകരിച്ച് വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയത് നിയമപ്രകാരം നിലനിൽക്കില്ലെന്ന് നിയമോപദേശത്തിൽ പറയുന്നു. ഇരയുടെ മൊഴി വിശ്വസനീയമല്ലെന്ന കണ്ടെത്തൽ 2013ലെ നിർഭയ കേസിനുശേഷം ബലാത്സംഗനിയമത്തിൽ കൊണ്ടുവന്ന ഭേദഗതിക്ക് എതിരാണെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജിതേഷ് ജെ. ബാബുവാണ് കോട്ടയം ജില്ല പൊലീസ് മേധാവി ഡി.ശിൽപക്ക് നിയമോപദേശം കൈമാറിയത്.
മഠത്തിനും കന്യാസ്ത്രീകൾക്കും മേൽ പ്രതിയുടെ അധികാരം കോടതി അംഗീകരിച്ചതാണെന്നും 20 പേജുള്ള നിയമോപദേശ റിപ്പോർട്ടിൽ പറയുന്നു. പീഡനം നടന്ന ദിവസങ്ങളിൽ ബിഷപ് ഫ്രാങ്കോ മഠത്തിൽ താമസിച്ചതായി തെളിഞ്ഞു. എന്നാൽ, പിന്നീടുള്ള കാര്യങ്ങളിൽ ഇരയുടെ മൊഴി വിശ്വസനീയമല്ലെന്ന കണ്ടെത്തൽ 2013ലെ നിർഭയ കേസിനുശേഷം ബലാത്സംഗ നിയമഭേദഗതിയിലൂടെ കൊണ്ടുവന്ന നിയമത്തിന് എതിരാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി, ഹൈകോടതി വിധികളുടെ വിശദാംശങ്ങളും ഒപ്പം ചേർത്തിട്ടുണ്ട്.
പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയ സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്ന കണ്ടെത്തൽ നീതി ബോധത്തിന് എതിരാണ്. മോശക്കാരിയെന്ന് ചിത്രീകരിക്കാൻ ഇരയുടെ ബന്ധുവിന്റെ പരാതി കോടതി മുഖവിലയ്ക്കെടുത്തു. എന്നാൽ, പരാതി നൽകാനുള്ള സാഹചര്യം ബോധ്യപ്പെടുത്തി സാക്ഷി നേരിട്ട് കോടതിയിൽ നൽകിയ മൊഴി തള്ളിക്കളഞ്ഞു. കന്യാസ്ത്രീക്ക് അനുകൂലമായിരുന്നു ഇത്. മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട് ഡോക്ടർ നൽകിയ മൊഴിയും പരിഗണിച്ചില്ല. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ തള്ളിയത് നിലനിൽക്കാത്ത സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നും ഇതിൽ പറയുന്നു.
നിയമോപദേശം സംസ്ഥാന പൊലീസ് മേധാവിക്ക് ജില്ല പൊലീസ് കൈമാറിയിട്ടുണ്ട്. സർക്കാറിന്റെ അനുമതി തേടി ഇത് ഡി.ജി.പി സർക്കാറിന് കൈമാറും. ചികിത്സക്കായി അമേരിക്കയിലുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷമാകും അപ്പീലിന് അനുമതിയെന്നാണ് സൂചന.
അതിനിടെ, ഇരയായ കന്യാസ്ത്രീ സ്വന്തം നിലയിലും ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അഭിഭാഷകനായ ജോൺ എസ്. റാഫ് മുഖേനയാകും ഇവരുടെ അപ്പീൽ. ഒപ്പംനിൽക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെയാകും ഹൈകോടതിയെ സമീപിക്കുക. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ പറഞ്ഞു. ഇരയായ കന്യാസ്ത്രീയെ പിന്തുണച്ച് നൂറുകണക്കിന് കത്താണ് മഠത്തിലേക്ക് എത്തുന്നതെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.