കൊച്ചി: ലൈംഗികാതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തണമെന്ന് ഹൈകോടതി. ഇത്തരം ആക്രമണങ്ങൾ തടയാനുള്ള നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കൽ അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദേശം.
ലൈംഗികാതിക്രമം തടയാനുള്ള ഏക പോംവഴി ഈ നിയമങ്ങളെക്കുറിച്ച് സ്കൂൾ തലത്തിൽ അവബോധം സൃഷ്ടിക്കലാണ്. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് ഇത്തരം കാര്യങ്ങളിൽ മതിയായ ബോധവത്കരണം നൽകാനാവുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
പോക്സോ കേസ് പ്രതിയുടെ ജാമ്യഹരജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. സ്കൂൾ കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസുകളിലെ പ്രതികളെറെയും വിദ്യാർഥികളും ചെറുപ്രായക്കാരുമാണെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. ശാരീരിക മാറ്റങ്ങളെത്തുടർന്ന് കുട്ടികൾക്കിടയിൽ ലൈംഗികാകർഷണമുണ്ടാകും. മനശാസ്ത്രജ്ഞർ ഇതു സ്വാഭാവികമെന്ന് പറയുമ്പോഴും ഇത്തരത്തിലുള്ള ലൈംഗിക ബന്ധങ്ങൾ നിയമപ്രകാരം കുറ്റകരമാണ്. നിയമത്തിലുള്ള അജ്ഞത മൂലം ഇത്തരം കേസുകളിൽ ഉൾപ്പെട്ടു പോകുന്ന ചെറുപ്രായക്കാരുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് പാഠ്യപദ്ധതിയിൽ ഈ നിയമ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് പറയുന്നതെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.
തുടർന്ന് പോക്സോ നിയമ വ്യവസ്ഥകളും ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 376 ലെ വ്യവസ്ഥകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ നിർദേശങ്ങൾ നൽകാൻ വിദ്യാഭ്യാസ വകുപ്പിനെയും സി.ബി.എസ്.ഇയെയും സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റിയെയും സ്വമേധയാ കക്ഷിചേർത്തു. ഹരജി വീണ്ടും ആഗസ്റ്റ് 31ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.