നിയമനക്കത്ത് വിവാദം: യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തും

തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തും.കോർപ്പറേഷന് മുന്നിൽ കോൺഗ്രസ് നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹവും ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധവും തുടരുകയാണ്.

തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് താൻ കത്തയച്ചിട്ടില്ലെന്നും പുറത്തുവന്ന കത്ത് തന്റേതല്ലെന്നും മേയർ മൊഴി നൽകിയതായി സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.

കോർപറേഷനിലെ കത്ത്​ വിവാദത്തിൽ പ്രതിപക്ഷ കക്ഷികൾ നടത്തുന്ന സമരം തണുപ്പിക്കാൻ തദ്ദേശമന്ത്രി എം.ബി. രാജേഷും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും വിളിച്ച കക്ഷിനേതാക്കളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. യു.ഡി.എഫ്​, ബി.ജെ.പി നേതാക്കളുമായി തിങ്കളാഴ്ച വൈകുന്നേരമാണ്​ മന്ത്രിമാർ സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തിയത്​. മേയർ ആര്യ രാജേന്ദ്രന്‍റെയും മരാമത്ത്​ സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ. അനിലിന്‍റെയും രാജിയിൽ കുറഞ്ഞ​ ഒത്തുതീർപ്പിനില്ലെന്നാണ്​ നേതാക്കൾ അറിയിച്ചത്​.

കത്തിന്റെ ഉറവിടം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട്‌ നടത്തുന്ന ക്രൈംബ്രാഞ്ച്‌ അന്വേഷണം അട്ടിമറിക്കുകയാണെന്ന്‌ യോഗത്തില്‍ യു.ഡി.എഫ്‌ ആരോപിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മേയറെ മാറ്റിനിര്‍ത്തണം. തന്റെ പേരില്‍ കത്ത്​ തയാറാക്കിയെന്നും നശിപ്പിച്ചെന്നും സമ്മതിച്ച അനിലിന്റെ പേരില്‍ കേസെടുക്കണം. കോര്‍പറേഷനില്‍നിന്ന്​ വിരമിച്ചവർക്ക്​ തുടര്‍നിയമനം നല്‍കിയത്‌ റദ്ദാക്കണം. പാര്‍ട്ടി നല്‍കിയ പട്ടികപ്രകാരം നിയമിക്കപ്പെട്ട ജീവനക്കാരെ പിരിച്ചുവിട്ട്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്​ വഴി നിയമനം നടത്തണമെന്നും യു.ഡി.എഫ്‌ ആവശ്യപ്പെട്ടു.

കോർപറേഷനിലെ കത്ത്​ വിവാദം, അഴിമതി എന്നിവയെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തണം. സമരത്തിന്റെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഹൈകോടതിയിൽ കേസ്​ നിലനിൽക്കുന്നതിനാൽ മേയറുടെ രാജിയും ജുഡീഷ്യൽ അന്വേഷണവും പരിഗണിക്കാനാകില്ലെന്ന്​ മന്ത്രി പറഞ്ഞു. കാര്യങ്ങൾ ഉൾക്കൊണ്ട്​ സമരത്തിൽനിന്ന്​ പിന്മാറണമെന്നും മന്ത്രി അഭ്യർഥിച്ചു. കക്ഷിനേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച്‌ അടുത്തദിവസം മറുപടി നല്‍കാമെന്നും മന്ത്രിമാര്‍ അറിയിച്ചു. ചർച്ച പൊളിഞ്ഞതിനാൽ കോർപറേഷന്​ മുന്നിൽ യു.ഡി.എഫും ബി.ജെ.പിയും നടത്തിവരുന്ന സമരം ശക്തമാക്കുമെന്ന്​ ഇരുകക്ഷി നേതാക്കളും അറിയിച്ചു.

Tags:    
News Summary - Letter Controversy: Youth Congress will march to the Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.