തൃശൂർ: സംസ്ഥാന സർക്കാറിെൻറ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയായ ‘ലൈഫ്’ മിഷനിൽ അപ്പീലുകൾ പരിഗണിക്കുന്ന സമയം നീട്ടി. അപ്പീൽ പരിഗണിക്കാനുള്ള ഉദ്യോഗസ്ഥരുടെ വൈമനസ്യം ‘ലൈഫ്’ പാർപ്പിട പദ്ധതിയുടെ അന്തിമ പട്ടിക തയാറാക്കൽ അനിശ്ചിതത്ത്വത്തിലാക്കുന്നത് ‘മാധ്യമം’ പുറത്തുകൊണ്ടുവന്നിരുന്നു.
അപ്പീലുകളുടെ ബാഹുല്യവും ഉദ്യോഗസ്ഥരുടെ നിസ്സഹകരണവുംമൂലം നിശ്ചയിച്ച സമയത്തിനുള്ളിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് തീയതി നീട്ടാൻ തീരുമാനമായത്. അപ്പീലുകളുടെ എണ്ണക്കൂടുതലും ഉദ്യോഗസ്ഥരുടെ കുറവും കാണിച്ചുള്ള തദ്ദേശസ്ഥാപനങ്ങളുടെ കത്ത് പരിഗണിച്ചാണ് സമയം നീട്ടുന്നതെന്നാണ് സർക്കാർ വിശദീകരണം. പുതിയ സമയക്രമം അനുസരിച്ച് സെപ്റ്റംബർ 25നുള്ള അന്തിമ പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിലെ അപ്പീലുകൾ പരിഗണിക്കുന്ന തീയതികളിലും മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യഘട്ട ആക്ഷേപങ്ങൾ പരിശോധിച്ച് പുനഃപ്രസിദ്ധീകരിക്കുന്നത് 31 വരെ നീട്ടി. ഇൗ പട്ടികയിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ രണ്ടാംഘട്ടമായി ജില്ല കലക്ടർമാർക്ക് പരാതി നൽകാനുള്ള അവസാന തീയതി 25ൽനിന്ന് സെപ്റ്റംബർ 16 വരെയാക്കി. രണ്ട് ഘട്ടത്തിലെയും പരാതികൾ പരിശോധിച്ച് സെപ്റ്റംബർ 28 ന് കരട് പട്ടിക പുനഃപ്രസിദ്ധീകരിക്കും.
പട്ടിക പരിശോധിച്ച് അർഹരെ കണ്ടെത്തി അംഗീകാരം നൽകേണ്ട ഗ്രാമസഭയും വാർഡ് സഭയും ചേരേണ്ടതിന് നിശ്ചയിച്ച അവസാന തീയതി സെപ്റ്റംബർ ഒന്നുമുതൽ 20 വരെ എന്നത് ഒക്ടോബർ മൂന്നുമുതൽ 20 വരെയാക്കി. ഒക്ടോബർ 25ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അർഹത ഉണ്ടായിട്ടും പട്ടികയിൽ ഇടം ലഭിക്കാത്തവരെ ഉൾപ്പെടുത്തൽ, അനർഹരായി കടന്നവരെ നീക്കൽ, അർഹതയുള്ള ഗുണഭോക്താക്കളുടെ കുടുംബ വിവരങ്ങളിൽ വന്ന തെറ്റുകൾ നീക്കൽ എന്നിങ്ങനെ മൂന്നുതരം അപ്പീലുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.