പെരിന്തൽമണ്ണ: ഒമ്പതും പത്തും വയസ്സുള്ള രണ്ടു ബാലികമാരെ പലപ്പോഴായി ലൈംഗിക പീഡനത്തിനിരയാക്കിയ കുറ്റത്തിന് യുവാവിന് വ്യത്യസ്തമായ രണ്ടു കേസുകളിൽ ഓരോന്നിലും ഇരട്ട ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും. പെരിന്തൽമണ്ണ കക്കൂത്ത് കിഴക്കേക്കര വീട്ടിൽ റജീബിനെയാണ് (38) പെരിന്തൽമണ്ണ അഡീഷണൽ സെഷൻസ് പോക്സോ സ്പെഷൽ കോടതി ശിക്ഷിച്ചത്.
ഒമ്പതു വയസ്സുകാരി ബാലികയെ 2012 മുതൽ 2016 വരെ പലപ്പോഴായി പ്രതി അതിഗുരുതരമായ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായാണ് ആദ്യ കേസ്. പെരിന്തൽമണ്ണ പൊലീസ് 2016ലാണിത് രജിസ്റ്റർ ചെയ്തത്. കേസിൽ മൂന്നു വകുപ്പുകളിലായാണ് ശിക്ഷ. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ (പോക്സോ) പ്രകാരം ഇതിൽ ഇരട്ട ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും അടക്കണം. ഇതിന് പുറമെ ഐ.പി.സി 366 പ്രകാരം തട്ടിക്കൊണ്ടുപോയതിന് 10 വർഷം തടവ് 10,000 രൂപ പിഴ, 506 (2) പ്രകാരം ഏഴു വർഷം തടവ്,10,000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അനിൽകുമാറാണ് ശിക്ഷിച്ചത്.
പ്രോസിക്യൂഷൻ ഭാഗം 14 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. 10 വയസ്സുള്ള മറ്റൊരു ബാലികയെ 2012 മുതൽ 2016 വരെ ലൈംഗിക പീഡനത്തിനിരയാക്കിയ മറ്റൊരു കേസിലും പ്രതിയെ ശിക്ഷിച്ചു. കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതെന്നാണ് കേസ്. ഇതിൽ ഇരട്ട ജീവപര്യന്തം തടവിനും 1,60,000 രൂപ പിഴയടക്കാനുമാണ് ശിക്ഷ. ഐ.പി.സി 366 പ്രകാരം 10 വർഷം തടവും 10,000 രൂപ പിഴയും 506 (2) പ്രകാരം ഏഴു വർഷം തടവും 10,000 രൂപ പിഴയുമുണ്ട്. ഇതിൽ 20 സാക്ഷികളെ വിസ്തരിച്ചു. ഇൻസ്പെക്ടർമാരായ എ.എം. സിദ്ദീഖ്, സാജു കെ. എബ്രഹാം, ജോബി തോമസ് എന്നിവരാണ് കുറ്റപത്രം നൽകിയത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്തും പ്രതി ഭാഗത്തിന് വേണ്ടി അഡ്വ. ബി.എ. ആളൂരും ഹാജരായി. കേസിൽ ഇരകളായ ബാലികമാരുടെ പുനരധിവാസത്തിന് നഷ്ടപരിഹാരത്തിന് നടപടി കൈക്കൊള്ളാൻ ലീഗൽ സർവിസസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.