കൊച്ചി: ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് കരാറിലൂടെ 1.08 കോടി കമീഷൻ ലഭിച്ചതായി സ്വപ്ന. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ പ്രാരംഭ കുറ്റപത്രത്തിലാണ് മൊഴി.
ഫ്ലാറ്റ് നിർമാണ കരാർ നൽകുന്നതിന് തനിക്കും യു.എ.ഇ കോൺസൽ ജനറലിനും കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവി ഖാലിദിനുമായി 30 ലക്ഷം ദിർഹം (ഏകദേശം ആറുകോടി രൂപ) ആണ് കമീഷനായി ആവശ്യപ്പെട്ടത്. കൂടാതെ, തനിക്കും സന്ദീപ് നായർ, സരിത് എന്നിവർക്ക് ആറ് ശതമാനം വേറെ കമീഷനും ആവശ്യപ്പെട്ടു. നിർമാണക്കരാറിന് എം.ശിവശങ്കറിനെ സമീപിക്കാനും അദ്ദേഹം വഴി ലൈഫ് മിഷൻ സി.ഇ.ഒയിൽനിന്ന് അനുമതി ലഭിക്കുമെന്നും സ്വപ്ന യൂനിടാക്കിനെ അറിയിച്ചു. ഇതനുസരിച്ചാണ് യൂനിടാക്കിന് കരാർ ലഭിച്ചത്.
യൂനിടാക്ക് സഹോദര സ്ഥാപനമായ സാൻ വെേഞ്ച്വഴ്സിൽനിന്ന് 30,000 ഡോളർ കമീഷൻ ലഭിച്ചതായും മൊഴിയിലുണ്ട്. ഇതടക്കം അഞ്ച് കമ്പനികളിൽനിന്ന് കമീഷൻ വാങ്ങി. വിദേശനാണയ വിനിമയം നടത്തുന്ന പ്രവീൺ എന്നയാൾ വഴിയാണ് ഡോളറുകൾ രൂപയിലേക്ക് മാറ്റിയത്. ആർ.ബി.ഐ അനുമതിയില്ലാതെ സ്വപ്ന 45 ലക്ഷം രൂപയുടെ നാണയ വിനിമയം നടത്തിയിട്ടുണ്ട്. യു.എ.ഇ കോൺസൽ ജനറലിന് നൽകാനെന്ന പേരിൽ സ്വർണക്കടത്തിലെ ഒരു വിഹിതം കമീഷൻ അധികമായി റമീസിൽനിന്ന് കൈപ്പറ്റിയിരുന്നതായും പറയുന്നു.
നിയാസ് എന്നയാൾ വഴിയാണ് റമീസുമായി പരിചയപ്പെട്ടത്. കോൺസൽ ജനറലിന് നൽകാെനന്ന പേരിൽ ഒരു കിലോ സ്വർണത്തിന് 1000 ഡോളർ വീതം റമീസിൽനിന്ന് കൈപ്പറ്റിയിരുന്നു.
സന്ദീപ് നായരുടെ സുഹൃത്തായ തിരുവനന്തപുരം നെടുമങ്ങാട് യദു സുരേന്ദ്രൻ എന്നയാൾ വഴിയാണ് ഫ്ലാറ്റ് പദ്ധതിയെക്കുറിച്ച് അറിഞ്ഞതെന്നാണ് യൂനിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ മൊഴി.
താനും യൂനിടാക് ഡയറക്ടർ വിനോദും ചേർന്ന് സ്വപ്നയെയും ഖാലിദിനെയും കണ്ടു. കരാർ നിലവിൽ വന്നതോടെ 7.5 കോടി ലഭിച്ചെന്നും നാലുലക്ഷം യു.എസ് ഡോളർ (2.93 കോടി) ഖാലിദിന് നൽകിയതായും സ്വപ്ന, സന്ദീപ്, യദു സുരേന്ദ്രൻ, സരിത് എന്നിവർക്കായി മൂന്നുതവണയായി 45 ലക്ഷം സന്ദീപ് നായരുടെ ഇസോമോങ്ക് ട്രേഡിങ് കമ്പനിയിലേക്ക് അയച്ചതായുമാണ് സന്തോഷിെൻറ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.