വയോധികയെ കൊലപ്പെടുത്തിയ കേസ്​: പ്രതിയുമായി തെളിവെടുത്തു

സ്ത്രീകള്‍ അടക്കം നാട്ടുകാര്‍ പ്രതിഷേധിച്ചു അമ്പലപ്പുഴ: വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി തെളിവെടുപ്പു നടത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാഗമംഗലം കോളനിയിൽ സുനീഷുമായാണ് അമ്പലപ്പുഴ പൊലീസ് തെളിവെടുത്തത്. തെളിവെടുപ്പിനിടെ പ്രതിക്കുനേരെ സ്ത്രീകള്‍ അടക്കം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് ജീപ്പ് തടഞ്ഞും പ്രതിക്കുനേരെ പ്രദേശവാസികള്‍ രോഷാകുലരായി. കഴിഞ്ഞ 25ന് രാത്രിയായിരുന്നു സംഭവം. വയോധികയുടെ വീടിന് സമീപം താമസിക്കുന്ന പ്രതി ഇവരെ ആക്രമിച്ച ശേഷം മൊബൈൽ ഫോണും ടോർച്ചും പണവും കവരുകയായിരുന്നു. ഗുരുതര പരിക്കേറ്റ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പ്രതിയെ പിടികൂടാൻ ഡിവൈ.എസ്.പി എസ്.ടി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തോപ്പുംപടിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. നിരവധി കേസിൽ പ്രതിയാണ് സുനീഷ്. വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് തെളിവെടുപ്പിനെത്തിച്ചത്. കൊലപാതകം നടന്ന വീട്ടിലായിരുന്നു ആദ്യം തെളിവെടുത്തത്. തുടർന്ന്​ പ്രതിയുടെ വീട്ടിലെത്തിച്ചും തെളിവെടുത്തു. അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷിന്‍റെ നേതൃത്വത്തിൽ കനത്ത പൊലീസ് കാവലിലാണ് തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിന് ശേഷം മടങ്ങുന്നതിനിടെ പ്രതിയുമായി പോയ പൊലീസ് ജീപ്പ് തടഞ്ഞും സ്ത്രീകളുടെ പ്രതിഷേധം ഉണ്ടായി. സുനീഷുമായി അമ്പലപ്പുഴ പൊലീസ് തെളിവെടുപ്പ് നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.