അൽത്താഫിന്‍റെ സ്കൂൾയാത്ര ഇനി ഇലക്​ട്രിക്​ വീൽചെയറിൽ

പിറന്നാൾ സമ്മാനമായി വീൽചെയർ ഒരുക്കിയത്​ സാമൂഹികമാധ്യമകൂട്ടായ്മ ആലപ്പുഴ: ചലനശേഷി നഷ്​ടമായി ചികിത്സയിൽ കഴിയുന്ന നാലാംക്ലാസുകാരൻ മുഹമ്മദ്​ അൽത്താഫിന്‍റെ സ്കൂൾയാത്ര ഇനി ഇലക്​ട്രിക്ക്​ വീൽചെയറിൽ. വിവിധ സമൂഹമാധ്യമ കൂട്ടായ്മയിലൂടെ കണ്ണികളായ സുമനസ്സുകളുടെ സഹായമാണ് ഇതിന്​ വഴിയൊരുക്കിയത്​​. അൽത്താഫിന്‍റെ പത്താം പിറന്നാൾ ദിനമായ ശനിയാഴ്ച വൈകീട്ട്​ 4.30ന്​ മണ്ണഞ്ചേരി അടിവാരം ട്രാവൻകൂർ റിഹാബ്​സിൽ നടക്കുന്ന ചടങ്ങിൽ എ.എം.ആരിഫ്​ എം.പി വീൽചെയർ കൈമാറും. ഫിസിയോ തെറപ്പിസ്റ്റ്​​​​ ആഷിക്​ ഹൈദർ അലിയുമായി പ്രവേ​ശനോത്സവ ദിനത്തിലെ അനുഭവം പങ്കിട്ടതോടെ രൂപപ്പെട്ട വൈകാരിക നിമിഷമാണ്​​ ഇതിന്​ വഴിതെളിച്ചത്​. സ്കൂൾവിട്ട്​ ക്ലിനിക്​ ചികിത്സക്ക്​ എത്തിയപ്പോഴാണ്​ ആദ്യദിനം ഏങ്ങനെയായിരുന്നുവെന്ന്​ പതിവ്​ ചോദ്യം. എല്ലാവരെയുംപോലെ എനിക്കും ഓടി ചാടി നടക്കാൻ ആഗ്രഹമുണ്ടെന്നും അതിന്​ പറ്റാത്തതിനാൽ ക്ലാസിൽ തന്നെ ഇരുന്നുവെന്നുമായിരുന്നു മറുപടി. പിറന്നാൾ ദിനത്തിലെങ്കിലും മറ്റുള്ളവരെപോലെ തനിക്കും കേക്ക്​ മുറിക്കാൻ കഴിയുമോയെന്ന അവന്‍റെ സങ്കടം മനസ്സിൽ തട്ടിയ ആഷിക്​ 'സഹായിക്കാൻ മനസ്ഥിതിയുള്ളവർ ഇത്​ വായിച്ചശേഷം അറിയിക്കുക' എന്ന തലക്കെട്ടിൽ അൽത്താഫിനെക്കുറിച്ച്​ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. പലരും അത്​ ഷെയർ ചെയ്തതോടെ കാരുണ്യമതികളായവരുടെ സഹായം ഗൂഗിൾപേവഴിയും അല്ലാതെയും എത്തി. അപ്പോഴും ഇലക്​ട്രിക്ക്​ വീൽചെയറിന്‍റെ വിലയായി 84,000 രൂപക്ക്​ അടുത്തെത്തിയില്ല. ഇക്കാര്യം വീൽചെയർ നൽകുന്ന കമ്പനിയുമായി പങ്കിട്ടപ്പോൾ അവരുടെ പ്രത്യേക ഡിസ്​കൗണ്ടും ചേർത്താണ്​ പിറന്നാൾ സമ്മാനം ഒരുക്കിയത്​. കുട്ടിയുടെ അളവിന്​ അനുസരിച്ച്​ കാര്യങ്ങൾ നിർവഹിക്കാൻ കഴിയുന്ന വിധത്തിലാണ്​ വീൽചെയറിന്‍റെ ക്രമീകരണം. ആലപ്പുഴ മണ്ണഞ്ചേരി ചിറയിൽ വീട്ടിലെ പരേതനായ നജീം-അമീന നജീം ദമ്പതികളുടെ മൂത്തമകനാണ്​. 2019ൽ ആണ്​ 'മസ്​കുലർ ഡിസ്ട്രോഫി' എന്ന രോഗം ബാധിച്ച്​ ചലനശേഷി നഷ്ടമായത്​. മണ്ണഞ്ചേരി ദാറുൽഹുദാ ഇംഗ്ലീഷ്​ മീഡിയം സ്കൂളിലെ നാലാംക്ലാസ്​ വിദ്യാർഥിയാണ്​. 2013 മാർച്ചിൽ ആലപ്പുഴ പാതിരപ്പള്ളിയിൽ നടന്ന വാഹനാപകടത്തിലാണ്​ ഓട്ടോഡ്രൈവറായ​​ പിതാവ്​ നജീം മരിച്ചത്​. അന്ന്​ അൽത്താഫിന്​​ 10 മാസമായിരുന്നു പ്രായം. ​സഹോദരി: നസ്​റിയ നജീം. പി.എസ്​. താജുദ്ദീൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.