ബോണ്ട് സർവിസിന്‌ എ.സി ലോ ഫ്ലോർ ബസുകൾ; യാത്രക്കാരില്ലെങ്കിൽ സാധാരണ ട്രിപ്പ്​

20 ദിവസത്തെ നിരക്കിൽ പ്രതിമാസ കാർഡ് നൽകും ആലപ്പുഴ: സ്ഥിരം യാത്രക്കാരെ ആകർഷിച്ചിരുന്ന കെ.എസ്.ആർ.ടി.സി.യുടെ ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) സർവിസുകൾക്ക് ജനുറം എ.സി ലോഫ്ലോർ ബസുകൾ ഉപയോഗിക്കാൻ തീരുമാനം. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞതോടെ യാത്രക്കാർ കൂടിയതിനാൽ ബോണ്ടിനായി ഉപയോഗിച്ചിരുന്ന ബസുകൾ മറ്റു സർവിസുകൾക്കായി ഉപയോഗിക്കും. ഇതിന്​ പകരമാണ് ലോ ഫ്ലോർ ബസ് ഓടിക്കുക. ബോണ്ട് സർവിസ് ഉപയോഗിക്കുന്നവർക്ക് 20 ദിവസത്തെ ടിക്കറ്റ് നിരക്കിൽ പ്രതിമാസ കാർഡ് നൽകും. കാർഡിൽ സീറ്റ് നമ്പറും രേഖപ്പെടുത്തും. യാത്രക്കാർ ഇടക്കുനിന്ന്​ കയറിയാലും തുടക്കംമുതൽ സീറ്റ് ഒഴിച്ചിടേണ്ടതിനാൽ മുഴുവൻനിരക്കിൽ മാത്രമേ കാർഡ് നൽകൂ. ബോണ്ട് യാത്രയിൽ സീറ്റിനനുസരിച്ച് യാത്രക്കാരില്ലെങ്കിൽ സാധാരണ ട്രിപ്പായി പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് നടത്താമെന്ന് കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ (ഓപറേഷൻസ്) യൂനിറ്റ് അധികാരികൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്. ഒരുമാസം സർവിസ് നടത്തിയിട്ടും വരുമാനമില്ലെങ്കിൽ മാറ്റം വരുത്തും. ബോണ്ട് സർവിസുകൾ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ഓടിക്കാൻ പാടില്ല. അവധിദിനങ്ങളിൽ തിരക്കുണ്ടായാൽ ഈ ബസുകൾ മറ്റ് സർവിസുകൾക്ക് ഉപയോഗിക്കാം. സ്ക്വാഡ് ഇൻസ്പെക്ടർമാർ ബസിൽ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. ബോണ്ട് സർവിസിൽ കാർ‍ഡ് എടുക്കുന്നവർക്ക് ഡിപ്പോകളിൽ സൗജന്യ പാർക്കിങ്ങും ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം വണ്ടികളോടിക്കുന്ന സംവിധാനമാണ് ബോണ്ട് സർവിസ്. കർഷകർക്ക് പരിശീലനം ആലപ്പുഴ: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ജൂൺ ആറിന് പോത്തുകുട്ടി പരിപാലനം ( ഓൺലൈൻ ) 16,17 തീയതികളിൽ ആട് വളർത്തൽ (ഓൺലൈൻ), 23ന് കാട വളർത്തൽ എന്നിവയിൽ കർഷകർക്ക് സൗജന്യ പരിശീലനം നൽകും. കാട വളർത്തൽ പരിശീലനം പരിശീലന കേന്ദ്രത്തിൽ വെച്ചാണ് നടത്തുക. പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0479-2452277, 2457778. സംരംഭ യൂനിറ്റുകൾക്ക് ധനസഹായം ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ) നടപ്പാക്കുന്ന തീരമൈത്രീ പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗത്വമുള്ള 20നും 50നും മധ്യേ പ്രായമുള്ള അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളാകണം. പദ്ധതി തുകയുടെ 75ശതമാനം ഗ്രാന്‍റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരു അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കിൽ അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. മത്സ്യഭവനുകൾ, സാഫ് നോഡൽ ഓഫിസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം എന്നിവിടങ്ങളിൽനിന്ന് അപേക്ഷ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂൺ 30ന് വൈകീട്ട് അഞ്ചിനകം നൽകണം. ഫോൺ: 8089508487, 9526880456, 9656863350.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.