സംഘർഷങ്ങളുടെ തുടർച്ച; നൂറനാട്ട് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു

ചാരുംമൂട്: നൂറനാട്ട് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. സംഭവത്തിൽ പ്രതി നൂറനാട് ടൗൺ വിഷ്ണു ഭവനിൽ വിഷ്ണുവിനെ (28) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് എരുമക്കുഴി ആകാശ് ഭവനം ആകാശിനാണ് (39) വെട്ടേറ്റത്. കഴുത്തിന് ഗുരുതര പരിക്കേറ്റ ആകാശ് ആലപ്പുഴ മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 11 ഓടെയാണ്​ സംഭവം. കഴിഞ്ഞ ദിവസം അക്രമം നടന്ന ഡി.വൈ.എഫ്.ഐ പാലമേൽ വടക്ക് മേഖല സെക്രട്ടറിയും സുഹൃത്തുമായ അനന്തുവിന്റെ വീട്​ സന്ദർശിച്ച ശേഷം മടങ്ങുമ്പോൾ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. മയക്കുമരുന്ന് മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രദേശത്ത് കാമ്പയിൻ ആരംഭിച്ചതിനെത്തുടർന്നാണ് അക്രമസംഭവങ്ങളുണ്ടായത്. മയക്കുമരുന്ന് സംഘത്തിലുള്ളവരെന്ന് ആരോപിക്കപ്പെടുന്ന നൂറനാട് സ്വദേശികളായ റാഫി, ബിനു എന്നിവരുടെ വീടുകൾക്കുനേരെ വ്യാഴാഴ്ച വൈകീട്ട് ഒരുസംഘം ആക്രമണം നടത്തിയിരുന്നു. റാഫിയുടെ വാടക വീടിനു മുന്നിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ഓട്ടോറിക്ഷയും തീവെച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് ആകാശിന് വെട്ടേറ്റത്. ബിനുവിന്റെ സഹോദരനും മരംവെട്ട് തൊഴിലാളിയുമാണ് അറസ്റ്റിലായ വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ചമുമ്പ് പരസ്യമായി മയക്കുമരുന്ന്​ ഉപയോഗിച്ചത് ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെ റാഫി, ബിനു എന്നിവർ മർദിച്ചിരുന്നു. ഈ സംഭവത്തിൽ അറസ്റ്റിലായ റാഫി റിമാൻഡിലാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഫോട്ടോ: 1 പരിക്കേറ്റ്​ ആശുപത്രിയിലുള്ള ആകാശ് 2 .വെട്ടുകേസിൽ പ്രതിയായ വിഷ്ണു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.