കാപ്പിത്തോട് മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്നു

വാടയ്ക്കൽ മുതൽ പൂക്കൈതയാർവരെ ആഴം കൂട്ടും *മലിനീകരണ പ്ലാന്റ് സ്ഥാപിക്കും അമ്പലപ്പുഴ: കാപ്പിത്തോടിന്‍റെ മലിനീകരണ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്നു. കാപ്പിത്തോട് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മാലിന്യപ്രശ്​നം പരിഹരിക്കാൻ വഴിയൊരുങ്ങിയത്. വാടയ്ക്കൽ മുതൽ പൂക്കൈതയാർവരെ രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. 15 കിലോമീറ്റർ ദൂരം ആഴംകൂട്ടി ശുചീകരിച്ച് വീതി കുറഞ്ഞ ഭാഗങ്ങളിൽ വീതികൂട്ടി വശങ്ങൾ സംരക്ഷിക്കുന്ന പ്രവൃത്തിയും മലിനീകരണ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് ഇവ. ആവശ്യമുള്ള സ്ഥലങ്ങളിൽ കലുങ്കുകളും നടപ്പാലങ്ങളും നിർമിക്കും. ആഴം കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തിക്കുമായി 8.25 കോടി കിഫ്ബിയിൽനിന്ന്​ അനുവദിച്ചു. പ്രവൃത്തികൾ മാർച്ചിൽ ആരംഭിക്കും. മാലിന്യസംസ്ക്കരണ പ്ലാന്റ് സംബന്ധിച്ച് വിപുലമായ ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. പ്ലാന്റ് നിർമിക്കാനും സ്ഥലം വാങ്ങുന്നതിനും ആവശ്യമായ പണവും കിഫ്ബിയിൽനിന്ന്​ വകയിരുത്തിയിട്ടുണ്ട്. ഒമ്പത് മീറ്റർവരെ വീതിയുണ്ടായിരുന്ന തോട് കൈയേറ്റം മൂലം നാലുമീറ്റർ വരെയായി. ചിലയിടങ്ങളിൽ നികന്നിട്ടുമുണ്ട്. ഇത് അളന്നു തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കണമെന്നും വീതികുറഞ്ഞ ഇടങ്ങളിലും നികന്ന സ്ഥലങ്ങളിലും മൂന്നുമീറ്റർ വീതിയെങ്കിലും കണ്ടെത്തണമെന്നും തോട് കടന്നുപോകുന്ന വാർഡുകളിലെ പഞ്ചായത്ത്​ അംഗങ്ങൾ ആവശ്യപ്പെട്ടു. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും തോട്ടിലേക്ക് വെച്ചിട്ടുള്ള പൈപ്പുകൾ നീക്കാനും മാലിന്യം തോട്ടിൽ തള്ളുന്നത് തടയാനും പഞ്ചായത്തുകൾ നടപടി സ്വീകരിക്കും. തോട്ടിൽനിന്ന് കോരിനീക്കുന്ന മാലിന്യം നിക്ഷേപിക്കാൻ ആവശ്യമായ സ്ഥലം വിവിധയിടങ്ങളിൽ പഞ്ചായത്തുകൾ കണ്ടെത്തും. പദ്ധതി നടത്തിപ്പിന് വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, സാമുദായിക സംഘടനകൾ എന്നിവരുടെയും റവന്യൂ, തദ്ദേശ വകുപ്പ്, ശുചിത്വമിഷൻ, ഹെൽത്ത്, എം.എൻ.ആർ.ഇ.ജി ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ ചേരും. പദ്ധതി നടത്തിപ്പിനും തുടർന്നുള്ള പരിപാലനത്തിനുമായി പഞ്ചായത്ത് പ്രസിഡന്റുമാർ കൺവീനർമാരായി ജനകീയ സമിതികൾ രൂപവത്​കരിക്കും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ്​ കോർപറേഷനാണ്​ (കെ.ഐ.ഐ.ഡി.സി) പദ്ധതി നടപ്പാക്കുന്നത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എച്ച്. സലാം എ.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി ജനറൽ മാനേജർ കെ.പി. ഹരൺബാബു പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഷീബ രാകേഷ്, വൈസ് പ്രസിഡന്‍റ്​ ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സജിത സതീശൻ, പി.ജി. സൈറസ്, എസ്. ഹാരിസ്, കെ. കവിത, ജില്ല പഞ്ചായത്ത്​ അംഗങ്ങളായ ഗീത ബാബു, പി. അഞ്ജു, വൈസ് പ്രസിഡന്‍റുമാർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്​ അംഗങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ കെ.ആർ. അനിഗർ, കെ.ഐ.ഐ.ഡി.സി പ്രോജക്ട് കോഓഡിനേറ്റർ ഗോപകുമാർ, പ്രോജക്ട് എൻജിനീയർ ഷെഹാസ് എ. ഷുക്കൂർ എന്നിവർ സംസാരിച്ചു. ബി.ഡി.ഒ എം. മഞ്ജു സ്വാഗതം പറഞ്ഞു. (ചിത്രം... മാലിന്യവാഹിനിയായ കാപ്പിത്തോട്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.