27 ന് പ്രതിഷേധ സായാഹ്നം കായംകുളം: വർഷങ്ങളായി തകർന്ന് കിടക്കുന്ന കളത്തട്ട്-മുരിക്കുംമൂട് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം ശക്തമാക്കുന്നു. കുറ്റിത്തെരുവ് ജുമാ മസ്ജിദ്, മദ്റസ, സ്കൂൾ, ഗ്യാസ് ഗോഡൗൺ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിലേക്കുള്ളവരും റോഡിന്‍റെ ഇരുവശത്തെ താമസക്കാരുമാണ് പ്രയാസപ്പെടുന്നത്. മഴക്കാലത്ത് തോടായി മാറുന്ന റോഡ് വേനൽക്കാലത്ത് 'പൊടി ഉൽപാദന' കേന്ദ്രമാണ്. 19, 20, 22 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് നന്നാക്കുന്നതിൽ അധികൃതർ ഗുരുതര അലംഭാവം കാണിക്കുന്നതായാണ് ആക്ഷേപം. ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ 27ന് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് നാലിന് മുരുക്കുംമൂട് ജങ്ഷനിലാണ് പരിപാടി. കുറ്റിത്തെരുവ് ജമാഅത്ത് കമ്മിറ്റി , പൗരസമിതി, കടമ്പാട്ട് ക്ഷേത്ര കമ്മിറ്റി, പി.എം.സി റെസിഡന്റ് അസോസിയേഷൻ, മൈത്രി റെസിഡന്‍റ് അസോസിയേഷൻ, കേരള മുസ്‌ലിം ജമാഅത്ത്, എസ്.കെ.എസ്.എസ്.എഫ്, മന്നാനിയ യൂത്ത് ഫെഡറേഷൻ, ഓട്ടോ തൊഴിലാളി യൂനിയൻ, യുവധാര ക്ലബ് തുടങ്ങിയ സംഘടനകളാണ് നേതൃത്വം നൽകുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി പി.ഡി.പി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സൻ നിവേദനം നൽകി. പ്രസിഡന്‍റ് അബ്‌ദുൽ സത്താർ, എസ്.എം. താഹ, സതീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. വർഷങ്ങളായി തകർന്നു കിടക്കുന്ന മുരിക്കുംമൂട് - ജുമാമസ്ജിദ് -കളത്തട്ട് റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കാൻ അധികാരികൾ തയാറാകണമെന്ന് കുറ്റിത്തെരുവ് ജമാഅത്ത് കമ്മിറ്റിയും ആവശ്യപ്പെട്ടു. നടപടിയില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡന്‍റ് ഇ. സുധീർ അധ്യക്ഷത വഹിച്ചു. ഫസൽ റഹ്മാൻ, സുബൈർ കുന്നേൽ, എ.ജെ.ആർ. ജലാലുദ്ദീൻ, സക്കീർഹുസൈൻ, ഇടയിലപറമ്പിൽ നസീർ, വാളക്കോട് അബ്ദുൽ, ഷുക്കൂർ അൽ ബർക്കത്ത്, അബ്ദുൽ സത്താർ, സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പ്രദേശവാസികൾക്ക് കൊടുത്ത ഉറപ്പുകൾ പാലിക്കാൻ എം.എൽ.എയും ചെയർപേഴ്സനും തയാറാകണമെന്ന് എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി പ്രസിഡന്‍റായിരുന്ന ജനതാദൾ -എസ് ജില്ല സെക്രട്ടറി സലിം മുരുക്കുംമൂട് ആവശ്യപ്പെട്ടു. ചിത്രം:APLKY3ROAD തകർന്ന കളത്തട്ട്-മുരിക്കുംമൂട് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.