കായംകുളം വോട്ട്​ ചോർച്ച: എം.എൽ.എയുടെ പോസ്റ്റിൽ ​പ്രതിരോധത്തിലായി പാർട്ടി നേതൃത്വം

* വിഷയം നേതൃത്വത്തിന്​ മു​ന്നിലേക്ക്​ കായംകുളം: യു. പ്രതിഭ എം.എൽ.എയും കായംകുളത്തെ സി.പി.എം നേതൃത്വവുമായുള്ള ഭിന്നത പരസ്യമായത് പാർട്ടി നേതൃത്വത്തിന് പുതിയ വെല്ലുവിളിയാകുന്നു. നിയമസഭ തെരഞ്ഞെടുപ്പോടെ നിലവിൽവന്ന വെടിനിർത്തലാണ് പുതിയ ഫേസ്​ബുക്ക് പോസ്റ്റിലൂടെ പ്രതിഭ ലംഘിച്ചത്. ജില്ല സെക്ര​ട്ടേറിയറ്റ് അംഗത്തെയും ഏരിയ നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണം നേതൃതലത്തിൽ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. എം.എൽ.എയെ നിലക്കുനിർത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല-സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകിയതായാണ്​ സൂചന. എം.എൽ.എയെ 'തള്ളാനും കൊള്ളാനും' വയ്യാത്ത അവസ്ഥയിലാണ്​ നേതൃത്വവും. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ ഒരു വിഭാഗം പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണമാണ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. മേഖല തിരിച്ച് കണക്കെടുത്താൽ 'അടിയൊഴുക്ക്' വ്യക്തമാകുമെന്നാണ് എം.എൽ.എ അനുകൂലികൾ അവകാശപ്പെടുന്നത്. ഉത്തരവാദപ്പെട്ട നേതാക്കളുടെ ബൂത്തുകളിലും മേഖലകളിലും വോട്ട് ചോർന്നെന്നാണ് ആക്ഷേപം. പ്രതിഭ സ്ഥാനാർഥിയാകുന്നതിനെതിരെ നിലപാട് സ്വീകരിച്ചവർ ബോധപൂർവം വീഴ്ചവരുത്തിയെന്നാണ് ആരോപണം. അതിനിടെ വോട്ട്​ ചോർച്ച ഉണ്ടായിട്ടില്ലെന്ന കണക്കുനിരത്തി ഏരിയ നേതൃത്വവും രംഗത്തെത്തി. എം.എൽ.എയും പാർട്ടിയിലെ ഒരുവിഭാഗവും തമ്മിൽ തുടരുന്ന ഭിന്നത കൂടുതൽ രൂക്ഷമാക്കുന്നതാണ്​ പുതിയ സംഭവവികാസങ്ങൾ. വോട്ട്​ ചോർച്ച വിഷയത്തിൽ ഏരിയ നേതൃത്വത്തിനെതിരെ നൽകിയ പരാതി സംഘടന റിപ്പോർട്ടിൽ ഇടംപിടിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.