അരൂർ: കോവിഡ് വ്യാപനത്തിന്‍റെ ആനുകൂല്യത്തിൽ നീട്ടിക്കൊടുത്ത കാലാവധി കഴിഞ്ഞിട്ടും അരൂർ മണ്ഡലത്തിലെ വിവിധ പൊക്കാളി നിലങ്ങളിൽ മത്സ്യകൃഷി തുടരുന്നത് തടയാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് പരാതി. ഏപ്രിൽ 30ന് മത്സ്യകൃഷി പൂർണമായി അവസാനിപ്പിച്ച് കരാറുകാർ കൃഷിയിടത്തിൽ പ്രദേശത്തെ കർഷകത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കും മത്സ്യബന്ധനത്തിന് അനുവാദം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, കർഷകത്തൊഴിലാളികൾക്ക് കരിനിലങ്ങളിൽ മത്സ്യബന്ധനം അനുവദിച്ച് മത്സ്യകൃഷി തുടരുകയാണെന്നാണ് പരാതി. കരിനില വികസന ഏജൻസിയുടെ ചെയർമാൻകൂടിയായ കലക്ടർ 2021ൽ വിജ്ഞാപനം ചെയ്ത കാർഷിക കലണ്ടർ കർശനമായി നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാണിക്കുന്ന ഉദാസീന നിലപാട് പ്രതിഷേധാർഹമാണെന്ന് പൊക്കാളി സംരക്ഷണസമിതി പ്രവർത്തകർ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നയം അനുസരിച്ച് കരിനിലങ്ങളിൽ ഒരുപൂ നെൽകൃഷിയും ഒരു പൂ മത്സ്യകൃഷിയുമാണ് ഒന്നിടവിട്ട് നടത്തേണ്ടത്. കാർഷിക കലണ്ടർ അനുസരിച്ച് ഏപ്രിൽ 15 മുതൽ നവംബർ 14 വരെ നെൽകൃഷിയുടെ സീസണാണ്. ശേഷിക്കുന്ന മാസങ്ങളിൽ മാത്രമാണ് ഓരുജല മത്സ്യകൃഷി നിയമവിധേയം ആയിട്ടുള്ളത്. ഏപ്രിൽ 15 മുതൽതന്നെ കരിനിലങ്ങളിൽനിന്ന് ഓരുവെള്ളം നിർമാർജനം ചെയ്താൽ മാത്രമേ വയലുകൾ ഉണങ്ങിവരണ്ട്, നെൽകൃഷിക്ക് മുന്നോടിയായുള്ള ഉഴുതുമറിക്കലിന് പാകമാകൂ. ഉഴുതുമറിച്ച വയലുകളിൽനിന്ന് വേനൽമഴ ലവണാംശം കഴുകിക്കളയും. ഇങ്ങനെ പരുവപ്പെടുത്തിയ വയലുകളിലാണ് ഇടവപ്പാതി ആരംഭത്തോടെ മുളപ്പിച്ച പൊക്കാളി വിത്തുകൾ വിതച്ച് നെൽകൃഷിക്ക് തുടക്കം കുറിക്കുന്നത്. ഈ പ്രക്രിയ പൂർണമായും അനുവർത്തിച്ചില്ലെങ്കിൽ നെൽവയലുകളിൽ ലവണാംശം നിലനിൽക്കുകയും നെൽകൃഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മേയ് തുടങ്ങിയിട്ടും കൃഷിവകുപ്പും ഫിഷറീസ് വകുപ്പും പാടശേഖരങ്ങളിൽനിന്ന് ഓരുവെള്ളം ഒഴിവാക്കാൻ നടപടിയെടുത്തിട്ടില്ല. ഈ പഴുത് ഉപയോഗിച്ച് നിരവധി ചെമ്മീൻ കോൺട്രാക്ടർമാർ നിയമവിരുദ്ധമായ മത്സ്യവാറ്റ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.