ആലപ്പുഴ: കയർ വ്യവസായ മേഖലയിലെ പ്രതിസന്ധിയിൽ സർക്കാറിനെതിരെ പ്രത്യക്ഷ സമരവുമായി സി.പി.ഐ. പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഒന്നാം പിണറായി സർക്കാറിന്റെ കാലത്തും കയർ വകുപ്പിനെതിരെ സി.പി.ഐ സംഘടനകൾ സമരരംഗത്തുണ്ടായിരുന്നു. കയർ മേഖലക്ക് പ്രാധാന്യമുള്ള ചേർത്തല, അമ്പലപ്പുഴ, ആലപ്പുഴ, പല്ലന, തുറവൂർ, പൂച്ചാക്കൽ എന്നീ കേന്ദ്രങ്ങളിലാണ് ഈ മാസം 11ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. എ.ഐ.ടി.യു.സി സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. ഉൽപാദന ചെലവിന് അനുസൃതമായി കയറിനും കയർ ഉൽപന്നങ്ങൾക്കും വില ലഭ്യമാക്കുക, കയർ ഫാക്ടറി മേഖലയിലെ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പുതുക്കുക, കയർപിരി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കയർ ഫാക്ടറി മേഖലയിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പുതുക്കിയിട്ട് രണ്ടര വർഷമായെന്നും നാലു വർഷം മുമ്പ് തീരുമാനിച്ച കൂലിയാണ് ഇപ്പോഴും നൽകുന്നതെന്നും കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. സത്യനേശൻ പറഞ്ഞു. കയർപിരി മേഖലയിലെ തൊഴിലാളികളും വലിയ പ്രതിസന്ധിയിലാണ്. ഒരു ദിവസത്തെ ജോലിക്കു പരമാവധി ലഭിക്കുന്നത് 350 രൂപയാണ്. വിലക്കയറ്റത്തിൽ ഈ വരുമാനം തികയാതെ വരുന്നതോടെ പലരും ജോലി ഉപേക്ഷിക്കുന്നുണ്ടെന്നും സത്യനേശൻ പറഞ്ഞു. ചേർത്തലയിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, അമ്പലപ്പുഴയിൽ സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, ചേർത്തല തെക്ക് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ആലപ്പുഴയിൽ പി.വി. സത്യനേശൻ, പല്ലനയിൽ സി.പി.ഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ജി.കൃഷ്ണപ്രസാദ്, തുറവൂരിൽ എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് വി.മോഹൻദാസ്, പൂച്ചാക്കലിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ എന്നിവർ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ട്രെയിനിൽ കടത്തിയ 4.5 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ ആലപ്പുഴ: ആന്ധ്ര പ്രദേശില്‍നിന്ന് വിൽപനക്കായി ട്രെയിന്‍ മാർഗം കൊണ്ടുവന്ന 4.5 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ എസ്.സതീഷിന്റെ നേതൃത്വത്തിലെ സംഘം പിടികൂടി. പാതിരപ്പള്ളി സ്വദേശികളായ അഭിജിത്ത്, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍മാരായ എന്‍.ബാബു, പി.ടി. ഷാജി, കെ.എസ് അലക്സ്, പി.ജഗദീശൻ, സതീഷ് കുമാര്‍, കെ.എസ്. ലാൽജി, സിവില്‍ എക്സൈസ് ഓഫിസർമാരായ അനിലാല്‍, റെനീഷ്, സാജന്‍ ജോസഫ്, അനൂപ്, ജയദേവ്, വനിത സിവില്‍ എക്സൈസ് ഓഫിസർമാരായ ജയകുമാരി, ബാബിതരാജ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.