സര്‍ക്കാര്‍ ഊന്നൽ അടിസ്ഥാനസൗകര്യ വികസനത്തിൽ​ -മന്ത്രി സജി ചെറിയാൻ

ചുങ്കം-പള്ളാത്തുരുത്തി റോഡ് ഉദ്ഘാടനം ചെയ്തു ആലപ്പുഴ: ഇടത്​ സർക്കാർ അടിസ്ഥാനസൗകര്യ വികസനത്തിനാണ് കൂടുതൽ ഊന്നൽ നൽകുന്നതെന്ന് മന്ത്രി സജി ചെറിയാൻ. നിർമാണം പൂർത്തിയാക്കിയ ചുങ്കം-പള്ളാത്തുരുത്തി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പ് 2.80 കോടി ചെലവിൽ പൂർത്തിയാക്കിയ റോഡിന്‍റെ നിർമാണപ്രവർത്തനങ്ങൾക്ക് മൂന്നുമാസം മുമ്പാണ് തുടക്കമിട്ടത്. നഗരത്തിന്‍റെ കിഴക്കൻ മേഖലയിലെ നൂറുകണക്കിന് വീട്ടുകാരുടെ ഏക സഞ്ചാരമാർഗവും ടൂറിസം മേഖലയുടെ ഉന്നമനത്തിന് ഏറെ സഹായകരവുമായ ഈ റോഡിലൂടെ കാൽനടപോലും ദുഷ്കരമായിരുന്നു. തുടർന്ന് എച്ച്. സലാം എം.എൽ.എ മുൻകൈ എടുത്താണ് റോഡിന്‍റെ പുനർനിർമാണത്തിന് പണം വകയിരുത്തിയത്. രണ്ട് കിലോമീറ്ററോളം നീളത്തിലും, നാലുമുതൽ 5.5 മീറ്റർ വരെ വീതിയിലും ബി.എം ബി.സി സാങ്കേതിക മികവിലാണ് റോഡ് പൂർത്തിയാക്കിയത്. പള്ളാത്തുരുത്തി പൊലീസ് എയ്ഡ് പോസ്റ്റിനുസമീപം ചേർന്ന സമ്മേളനത്തിൽ എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി വിശിഷ്ടാതിഥിയായി. കൗൺസിലർമാരായ ബീന രമേശ്, എ. ഷാനവാസ്, എ.എസ്. കവിത, ബി. അജേഷ്, രമ്യ സുർജിത്ത്, മനീഷ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് അസിസ്റ്റന്‍റ്​ എൻജിനീയർ സാഹി എന്നിവർ സംസാരിച്ചു. അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ് എൻജിനീയർ ടി. രേഖ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ശ്വേത എസ്. കുമാർ സ്വാഗതം പറഞ്ഞു. (ചുങ്കം - പള്ളാത്തുരുത്തി റോഡ് ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിര്‍വഹിക്കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.