ആലപ്പുഴ: കുടുംബജീവിതത്തിലെ പ്രശ്നങ്ങൾക്ക് ആശ്വാസവാക്കുകളായി നജ്ലയെയും മക്കളെയും നെഞ്ചോട് ചേർത്തുനിർത്തിയ അയൽവാസികളായ അശ്വനിക്കും രാധികക്കും സങ്കടമടക്കാനാവുന്നില്ല. സമീപവാസിയായ വണ്ടാനം മെഡിക്കല്‍ കോളജ് പൊലീസ് എയ്ഡ് പോസ്റ്റിലെ സി.പി.ഒ റെനീസിൻെറ ഭാര്യ നജ്ല (27), മക്കളായ ടിപ്പുസുൽത്താൻ (അഞ്ച്), മലാല (ഒന്നേകാൽ) എന്നിവരെക്കുറിച്ച് വിതുമ്പലോടെയാണ് ഇവർ ഓർമകൾ പങ്കുവെക്കുന്നത്. ക്വാർട്ടേഴ്സിലെ മൂന്നാം നിലയിൽ (എ-12) മുറിയിൽ കഴിയുന്ന റെനീസിൻെറ കുടുംബവുമായി നാലുവർഷത്തെ ബന്ധമാണ് തൊട്ടടുത്ത് താമസിക്കുന്ന അശ്വനിക്കും രാധികക്കുമുള്ളത്. അവരുടെ മക്കളോടൊപ്പമായിരുന്നു ടിപ്പുസുൽത്താനും മലാലയും കളിച്ചിരുന്നത്. നിറപുഞ്ചിരിയുമായി എല്ലാവരോടും സൗഹൃദം പുലർത്തുന്ന പ്രകൃതമായിരുന്നു നജ്ലയുടേത്. തിങ്കളാഴ്ച രാത്രി 10.30നാണ് അയൽവാസികൾ അവസാനമായി കണ്ടത്. അശ്വനിയുടെ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന ടിപ്പുസുൽത്താനെ വിളിക്കാൻ എത്തിയതായിരുന്നു. പതിവായി ട്യൂഷന് വിട്ടിരുന്ന കുട്ടിയെ വിടാത്തത് എന്തായിരുന്നുവെന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല. ആ മൗനം തിരിച്ചറിഞ്ഞില്ലെന്ന് പറയുമ്പോൾ അശ്വനിയുടെ കണ്ണുകൾ വിതുമ്പി. വാക്കേറ്റവും ഫോൺവിളിയെ ചൊല്ലിയുള്ള തർക്കവും പതിവാണ്. അത് കുട്ടികളുടെ ജീവനെടുക്കുമെന്ന് ആരും കരുതിയില്ല. സമീപത്തെ മറ്റൊരു ക്വാർട്ടേഴ്സിൽ താമസിക്കുന്ന രാധികയുമായി അടുപ്പം ഏറെയായിരുന്നു. ശനിയാഴ്ച കുതിരപ്പന്തിയിലെ കുടുംബവീട്ടിലേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് അശ്വിനി ദുരന്തവാർത്തയറിഞ്ഞത്. വീട്ടിൽനിന്ന് പോയാൽ ഫോൺവിളിക്കുക പതിവായിരുന്നു. ഫോൺ കേടായതിനാൽ നജ്ലയുടെ വിളിയെത്തിയിരുന്നില്ല. കഴിഞ്ഞമാസം 21ന് രാധികയുടെ സഹോദരൻെറ വിവാഹച്ചടങ്ങിൽ റെനീസും നജ്ലയും കുടുംബസമേതം പങ്കെടുത്തിരുന്നു. കൊല്ലം ചന്തനത്തോപ്പ് കേരളപുരം നഫ്ല മാൻസിലിൽ നജ്ല രണ്ടാമത്തെ പെൺകുട്ടിയുടെ പ്രസവം കഴിഞ്ഞ് ക്വർട്ടേഴ്സിൽ തിരിച്ചെത്തിയിട്ട് അധികനാളായില്ല. മാതാവ് ലൈലാബീവി അടുത്ത ദിവസങ്ങളിൽവരെ ഒപ്പമുണ്ടായിരുന്നു. നജ്ലയുടെ നാലാമത്തെ വയസ്സിൽ മരിച്ച പിതാവ് ഷാജഹാൻെറ ചരമവാർഷികം ചൊവ്വാഴ്ച ചന്തനത്തോപ്പിലെ വീട്ടിൽ നടത്താനുള്ള ഒരുക്കവും നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി ഫോൺ വിളിച്ചപ്പോൾ നടുവേദനയായതിനാൽ വരാൻ കഴിയില്ലെന്ന് നജ്ല പറഞ്ഞതായി ബന്ധു പറഞ്ഞു. APL police quarters death ആലപ്പുഴ ബീച്ചിന് സമീപത്തെ എ.ആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ നജ്ലയും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമറിഞ്ഞ് എത്തിയ ബന്ധുക്കൾ APL ranees family നജ്ലയും മക്കളായ ടിപ്പുസുൽത്താനും മലാലയും റെനീസിനൊപ്പം. അയൽവാസിയായ രാധികയുടെ സഹോദരൻെറ വിവാഹത്തിന് എടുത്ത കുടുംബചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.