വേനൽ മഴയും കനാൽവെള്ളവും ചാരുംമൂട് മേഖലയിൽ 2.45 കോടിയുടെ കൃഷിനാശം

ചാരുംമൂട്: വേനൽ മഴയിലും കനാൽവെള്ളത്തിലും ഓണാട്ടുകരയുടെ നെല്ലറയായ കരിങ്ങാലി-പെരുവേലിച്ചാൽ പുഞ്ചകളിൽ കൃഷിചെയ്തവർക്ക്​ നഷ്ടപ്പെട്ടത് ഹെക്ടർ കണക്കിനു നെൽകൃഷി. ചാരുംമൂട് മേഖലയിൽ മാത്രം 302 ഹെക്ടർ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. പാലമേൽ, വള്ളികുന്നം, ചുനക്കര, നൂറനാട് പഞ്ചായത്തുകളിലായി 260 ഹെക്ടർ കൃഷിയാണ്​ നശിച്ചത്. ഇതിലൂടെ ഏതാണ്ട് രണ്ടുകോടി രൂപ നഷ്ടം സംഭവിച്ചിട്ടുണ്ട്​. 45 ഹെക്ടറിലെ കരകൃഷിയും നശിച്ചതായാണ് കണക്ക്. 47 ലക്ഷം ഈ ഇനത്തിലും നഷ്ടമുണ്ട്​. പാലമേൽ പഞ്ചായത്തിലെ മൂന്നു പാടശേഖരങ്ങളിലായി കൃഷിയിറക്കിയ 136 ഹെക്ടറിൽ 95 ഹെക്ടർ പൂർണമായും നശിച്ചു. ചുനക്കര പുഞ്ചയിലെ 27 ഹെക്ടറിലെ കൃഷിയും വള്ളികുന്നം പുഞ്ചയിലെ 20 ഹെക്ടറും വീണ്ടെടുക്കാൻ പറ്റാത്ത തരത്തിൽ നശിച്ചു. നൂറനാട്ടെ ഏതാണ്ട് 10 പാടശേഖരങ്ങളിലായി 310 ഹെക്ടറിലെ നെൽച്ചെടികളാണ് വെള്ളത്തിലേക്ക് മറിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്​ കൊയ്ത്​ മാറ്റുന്ന തിരക്കിലാണ് കർഷകർ. എന്നാൽ, 2.45 കോടി രൂപ നഷ്ടപരിഹാരമായി ലഭിച്ചാൽ മാത്രമേ പിടിച്ചു നിൽക്കാനാകൂ എന്നാണ്​ കർഷകർ പറയുന്നത്​. പലരും പലിശക്കു പണംവാങ്ങിയാണ്​ കൃഷിയിറക്കിയത്. നിശ്ചിത സമയത്തിനുള്ളിൽ പണം മടക്കിനൽകിയില്ലെങ്കിൽ കർഷകർ കടക്കെണിയിലാകും. സ്വാമിനാഥൻ കമീഷൻ പെരുവേലിച്ചാൽ പുഞ്ചയുടെ സംരക്ഷണത്തിന്​ അനുവദിച്ച 33 കോടി വിനിയോഗിക്കാതെ പാഴാക്കിയതായും കർഷകർ കുറ്റപ്പെടുത്തുന്നു. മോട്ടോർതറകൾ ഉയർത്തിപ്പണിയണമെന്നും വെട്ടിയാർ ചീപ്പിലെ കാലഹരണപ്പെട്ട ഷട്ടറുകൾ മാറ്റിസ്ഥാപിക്കണമെന്നുമുള്ള കർഷകരുടെ വർഷങ്ങളായുള്ള ആവശ്യത്തിനും പരിഹാരമായില്ല. കൃഷിക്ക് ആവശ്യമായ സാധനങ്ങൾ പാടശേഖരകളിൽ എത്തിക്കാനുള്ള സൗകര്യംപോലും അധികാരികൾ ഇതുവരെ ചെയ്തില്ലെന്ന ആക്ഷേപവും ശക്തമാണ്. APL NELCHEDIKAL വിളവെടുക്കാൻ പാകമായ നെൽച്ചെടികൾ വേനൽമഴയിൽ മറിഞ്ഞുകിടക്കുന്ന കാഴ്ച കളർകോട് ക്ഷേത്രത്തിൽ തീപിടിത്തം; തിടപ്പള്ളി കത്തിനശിച്ചു അമ്പലപ്പുഴ: ദേവസ്വം ബോർഡിന്‍റെ അധീനതയിലുള്ള കളർകോട് ശ്രീ മഹാദേവ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ തിടപ്പള്ളി കത്തിനശിച്ചു. വഴിപാടിനങ്ങൾ പാകംചെയ്യുന്ന അടുപ്പിൽ അണയാതെകിടന്ന കനലിൽ നിന്നാവാം തീ പടർന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. വിറക്പുരക്കുള്ളിൽ ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത്​ ഉടൻ എത്തിച്ചേർന്ന ആലപ്പുഴ അഗ്നിരക്ഷസേന തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. ഞായറാഴ്ച രാത്രി ഒരുമണിയോടെയാണ് തീപിടിത്തം. തീയും പുകയും ഉയരുന്നതുകണ്ട് ക്ഷേത്രത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ സമീപവാസികൂടിയായ ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് മുരളീധരൻ നായരെ വിവരം അറിയിച്ചു. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ തീ അണക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. അതിനിടെ ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം നാട്ടുകാരുടെ സഹായത്തോടെ തീ അണക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ വാലന്‍റെയിൻ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർ ജെ.ജെ. നെൽസൺ, ഫയർ ഓഫിസർമാരായ സി.കെ. സജേഷ്, എ.ആർ. രാജേഷ്, കെ.ആർ. അനീഷ്, അമർജിത്, ജിജോ പി.രതീഷ്, ശ്രീജിത്, ഷൈജു, ഉദയകുമാർ, ചന്ദ്രപ്പൻ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകിയത്. സംഭവമറിഞ്ഞ് എച്ച്.എച്ച്. സലാം എൽ.എൽ.എ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് എം.എൽ.എ കത്തുനൽകി. മുൻ മന്ത്രി ജി. സുധാകരനും സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.