ജില്ലയില്‍ 685 പേർക്ക് വയറിളക്കം

ജാഗ്രത പാലിക്കണമെന്ന്​ ആരോഗ്യ വകുപ്പ്​ ആലപ്പുഴ: ജില്ലയില്‍ 685 പേർക്ക് വയറിളക്ക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വർഗീസ് അറിയിച്ചു. കുട്ടികളിലടക്കം ആലപ്പുഴ നഗരസഭയിലാണ്​ ആദ്യം രോഗം റിപ്പോർട്ട്​ ചെയ്തത്​. 45 പേർക്കായിരുന്നു രോഗം. ജില്ലയിലാകെ വെള്ളിയാഴ്ച വരെ 685 പേർക്കാണ്​ വയറിളക്കം ബാധിച്ചത്​. ആഹാരം, വെള്ളം എന്നിവ വൃത്തിഹീനമാകുന്നതുകൊണ്ടും പഴകിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നമൂലവും ഗുരുതര വയറിളക്ക രോഗങ്ങള്‍ ബാധിക്കാനിടയുള്ളതിനാൽ ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ശുചിത്വ ശീലങ്ങള്‍ കര്‍ശനമായി പാലിക്കണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ്​ കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഈച്ച കടക്കാനിടയുള്ളതും തുറന്നുവെച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ കഴിക്കരുത്. കഴിയുന്നതും വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുക. പുറത്തുനിന്ന്​ ഭക്ഷണം കഴിക്കേണ്ടി വരുമ്പോള്‍ വൃത്തിയുള്ള ഇടങ്ങളില്‍നിന്ന്​ മാത്രം കഴിക്കുക. പൂപ്പല്‍ ബാധിച്ച ഭക്ഷ്യവസ്തുക്കള്‍ കഴിക്കരുത്. പാതിവെന്ത ഇറച്ചി/മുട്ട എന്നിവ ഉപയോഗിച്ച് തയാറാക്കാനിടയുള്ള ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കുക. ജ്യൂസ്/സാലഡ്/ഐസ്‌ക്രീം തുടങ്ങിയ പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ തയാറാക്കുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം. ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പാത്രങ്ങള്‍ വൃത്തിയുള്ള വെള്ളത്തില്‍ കഴുകണം. കുടിവെള്ള സ്രോതസ്സുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണം പാകം ചെയ്യുന്നയിടങ്ങളില്‍ ഈച്ചശല്യമില്ലാതെ നോക്കണമെന്നും വൃത്തിയായി സൂക്ഷിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. ലെക്ചറർ നിയമനം ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജിൽ ഇംഗ്ലീഷ് (എൽ.സി സംവരണം), ഫിസിക്‌സ് (ഈഴവ), ഇലക്‌ട്രോണിക്‌സ് (എൽ.സി, വിശ്വകർമ), കമ്പ്യൂട്ടര്‍ (എൽ.സി), ഇലക്ട്രിക്കല്‍ (പട്ടിക ജാതി), ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ (കുടുംബി, വാണിക വൈശ്യ, വീരശൈവ, ഹിന്ദു ചെട്ടി), ട്രേഡ്‌സ്മാന്‍ ഇന്‍ മെക്കാനിക്കല്‍ (ഈഴവ) എന്നീ വിഷയങ്ങളിൽ ലെക്ചറർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തും. നിശ്ചിതയോഗ്യതയുള്ളവർ എട്ടിന് രാവിലെ 10ന് കോളജ് ഓഫിസിൽ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍: 9447488348.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.