329 ചാക്ക്​ ഭക്ഷ്യധാന്യം പിടികൂടിയ സംഭവം: റേഷനരിയെന്ന്​ ഉറപ്പിച്ച്​ സിവിൽ സപ്ലൈസ്​

രണ്ട്​ റേഷൻകടയുടെ ലൈസൻസ്​ സസ്​പെൻഡ്​ ചെയ്തു ആലപ്പുഴ: റേഷൻകടകൾക്ക്​ സമീപത്തെ അനധികൃത സംഭരണ കേന്ദ്രത്തിൽനിന്ന്​ പിടികൂടിയ ഭക്ഷ്യധാന്യങ്ങൾ റേഷനരിയാണെന്ന്​ ഉറപ്പിച്ച്​ സിവിൽ സപ്ലൈസ്​. 329 ചാക്ക്​ ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്ത ചേപ്പാട്​ ജങ്​ഷനു സമീപത്തെ കെട്ടിടത്തിലും മാളിയേക്കൽ പ്രവർത്തനം നിലച്ച രാമപുരം സർവിസ്​ കോഓപറേറ്റിവ്​ സൊസൈറ്റിയുടെ അടഞ്ഞുകിടന്ന കെട്ടിടത്തിലും ​സിവിൽ സപ്ലൈസ്​ ആലപ്പുഴ ക്വാളിറ്റി കൺട്രോളർ രാജേശ്വരിയുടെ നേതൃത്വത്തിൽ നടത്തിയ ഗുണനിലവാര പരിശോധനയിലാണ്​ സ്ഥിരീകരണം. എഫ്​.സി.ഐയുടെ മുദ്രയുള്ള 38 ചാക്ക്​ പുഴുക്കലരി, 30 ചാക്ക്​ കുത്തരി, ഒമ്പത്​ ചാക്ക്​ ഗോതമ്പ്​ എന്നിവയാണ്​ റേഷൻ ധാന്യമാണെന്ന്​ ഉറപ്പിച്ചത്​. മില്ലിന്‍റെ ലേബൽ ഇല്ലാത്ത 93 ചാക്ക്​ കുത്തരിക്കും മുദ്ര ഇല്ലെങ്കിലും 11 ചാക്ക്​ ഗോതമ്പിനും റേഷൻ സാധനത്തിന്‍റെ സാമ്യമുണ്ട്​. എഫ്​.സി.ഐയുടെ മുദ്ര ഇല്ലാത്ത 34 ചാക്ക്​ പച്ചരിയാണെന്ന്​ പരിശോധനയിൽ തെളിഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട്​ മൂന്നുവരെയായിരുന്നു പരിശോധന. കുത്തരി, പുഴുക്കലരി, പച്ചരി, ഗോതമ്പ്​ എന്നിവയടക്കം​ 16,450 കിലോ ഭക്ഷ്യധാന്യമാണ്​ പിടിച്ചെടുത്തത്​​. കൊല്ലത്തെ സ്പെഷൽ സ്ക്വാഡ്​ റേഷൻ കടകളുടെ സമീപത്തെ കെട്ടിടങ്ങളിൽനിന്ന്​ പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളുടെ തുടർനടപടി സ്വീകരിക്കാൻ കാർത്തികപ്പള്ളി ടി.എസ്​.ഒ മായാദേവിയെയാണ്​ ചുമതലപ്പെടുത്തിയത്​. ഇതിന്‍റെ ഭാഗമായി പിടിച്ചെടുത്തത്​ റേഷനരിയാണോയെന്ന്​ ഉറപ്പിക്കുന്ന പരിശോധന​യാണ്​ വെള്ളിയാഴ്ച നടത്തിയത്​. മറ്റ്​ റേഷൻകടകളിൽനിന്നുള്ള സാധനങ്ങളും ഈ കെട്ടിടങ്ങളിൽ സൂക്ഷിച്ചാണ്​ കടത്തിയതെന്നാണ്​ വിവരം. ഇതിനാൽ സമീപത്തെ റേഷൻകടകളിലേതടക്കം സ്റ്റോക്​ പരിശോധനക്ക്​ വിധേയമാക്കും. നിലവിൽ 97, 211 നമ്പറുകളിലുള്ള കടകളുടെ സമീപത്തെ കെട്ടിടങ്ങളിൽനിന്നാണ്​ റേഷൻ​ ഭക്ഷ്യധാന്യങ്ങൾ പിടി​ച്ചെടുത്തത്​. പ്രാഥമിക റിപ്പോർട്ട്​ ഡി.എസ്​.ഒ വഴി കലക്ടർക്ക്​ കൈമാറും. ലൈസൻസ്​ സസ്​പെൻഡ്​ ചെയ്തു ആലപ്പുഴ: 329 ചാക്ക്​ റേഷനരി പിടികൂടിയ സംഭവത്തിൽ രണ്ട്​ റേഷൻകടയുടെ ലൈസൻസ്​ സസ്​പെൻഡ്​ ചെയ്​തു. രാമപുരം മാളിയേക്കൽ മുഹമ്മദ്​ റസൂലിന്‍റെ എ.ആർ.ഡി 97ാം നമ്പർ, ചേപ്പാട്​ ജങ്​ഷനു സമീപത്തെ റൂബിയുടെ എ.ആർ.ഡി 211ാം നമ്പർ എന്നിവയുടെ ലൈസൻസാണ്​ റദ്ദാക്കിയത്​. ഈ രണ്ട്​ റേഷൻ കടകൾക്ക്​ സമീപത്തെ കെട്ടിടത്തിൽനിന്നാണ്​ ഭക്ഷ്യധാന്യം പിടിച്ചത്​. അരി കടത്തുന്ന ദൃശ്യം കിട്ടി; പിന്നാലെ സംഭരണകേന്ദ്രങ്ങൾ കണ്ടെത്തി ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിൽ റേഷൻകടകൾക്ക്​ സമീപം അനധികൃത സംഭരണകേന്ദ്രമുണ്ടെന്ന വിവരം ആദ്യമറിഞ്ഞത്​ സിവിൽ സപ്ലൈസ്​ കമീഷണർ സജിത്ത്​ ബാബുവാണ്​. പകൽ പൂട്ടിക്കിടക്കുന്ന കെട്ടിടത്തിൽ രാത്രി അരി കടത്തുന്ന ദൃശ്യമടക്കമുള്ള വിവരങ്ങളടക്കിയ വിഡിയോ ക്ലിപ്പിങ്ങിന്‍റെ പിന്നാലെയുള്ള അന്വേഷണമാണ്​ കണ്ടെത്തലിന്​ സഹായിച്ചത്​. രഹസ്യം ചോരാതിരിക്കാൻ ആലപ്പുഴയിലെ ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കിയാണ്​ നടപടി ആരംഭിച്ചത്​. കൊല്ലം ജില്ല സ​പ്ലൈ ഓഫിസർ പി.ബി. മോഹൻകുമാർ, കരുനാഗപ്പള്ളി അസി. സപ്ലൈ ഓഫിസർ ശ്യാം സുന്ദർ എന്നിവരുടെ നേതൃത്വത്തിൽ വനിതകളടക്കമുള്ള സ്​പെഷൽ ടീമിനെയാണ്​ നിയോഗിച്ചത്​. ഇവർക്ക്​ നിർദേശം നൽകാൻ തത്സമയം ഫോണിൽ കമീഷണറുമുണ്ടായിരുന്നു. രാത്രി എത്ര വൈകിയാലും പിടികൂടാതെ പിന്തിരിയരുതെന്ന നിർദേശവും നൽകിയിരുന്നു. 'പ്രവേശനമില്ല' ബോർഡുവെച്ച രാമപുര​ത്തെ അടഞ്ഞുകിടക്കുന്ന സർവിസ്​ കോഓപറേറ്റിവ്​ സൊസൈറ്റിയുടെ​ കെട്ടിടം പരിശോധിക്കാനായിരുന്നു ആദ്യ നിർദേശം. ഇവിടെയാണ്​ 122 ചാക്ക്​ ഭക്ഷ്യധാന്യം കണ്ടത്​. പിന്നീട്​ ചേപ്പാട്​ ജങ്​ഷനു സമീപത്തെ റേഷൻകടയുടെ പിന്നിലുള്ള കെട്ടിടത്തിലേക്ക്​ എത്താനുള്ള അടയാളം ചരിഞ്ഞുനിന്ന തെങ്ങായിരുന്നു. ഈ സൂചനയിലേക്ക്​ എത്തിയപ്പോൾ കണ്ട കെട്ടിടത്തിൽനിന്നാണ്​ 207 ചാക്ക്​ പിടിച്ചെടുത്തത്​. ആലപ്പുഴയിലെ ​​റേഷൻകടകൾ ​​​​കേന്ദ്രീകരിച്ച്​ ​പ്രവർത്തിക്കുന്ന മാഫിയ രാത്രി ആളൊഴിഞ്ഞ കെട്ടിടത്തിൽ സംഭരിച്ചശേഷം പ്ലാസ്റ്റിക്​ ചാക്കിലാക്കിയാണ്​ ഭക്ഷ്യധാന്യങ്ങൾ കടത്തിയിരുന്നത്​. കമീഷണർ പറഞ്ഞുകൊടുത്ത അടയാളങ്ങളാണ്​​ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഗോഡൗണുകൾ കണ്ടെത്താൻ സഹായകരമായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.