ആലപ്പുഴ: ഇ.പി. ജയരാജനെതിരായ ബി.ജെ.പി ബന്ധ ആരോപണം ആദ്യം ഉന്നയിക്കപ്പെട്ടത് ആലപ്പുഴയിൽ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രനാണ് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ച വെളിപ്പെടുത്തൽ നടത്തിയത്. ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് പ്രഭാരിയും മുതിർന്ന നേതാവുമായ ജാവദേക്കറുമായി ജയരാജൻ നേരിട്ട് ചർച്ച നടത്തിയെന്നായിരുന്നു ആരോപണം. തെരഞ്ഞെടുപ്പിന് മൂന്നു ദിവസമുള്ളപ്പോഴായിരുന്നു വെളിപ്പെടുത്തൽ.
വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ ശോഭാ സുരേന്ദ്രന് എതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ചപ്പോൾ അതിന് മറുപടിയായിട്ടായിരുന്നു ശോഭയുടെ ആരോപണം. ദല്ലാൾ നന്ദകുമാറിന്റെ ഇടനിലയിൽ ഉന്നത സി.പി.എം നേതാവ് ബി.ജെ.പി നേതാവുമായി ചർച്ച നടത്തിയെന്ന് ശോഭ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് പുറത്തുവന്ന വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26ന് ജയരാജൻ തന്നെ ശരിവെച്ചു. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം തന്നെ ഇ.പി. ജയരാജനാണ് ആ നേതാവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ആരോപിച്ചു. ബി.ജെ.പിയിൽ ചേരാൻ ജയരാജൻ 90 ശതമാനം ചർച്ചയും പൂർത്തീകരിച്ചിരുന്നുവെന്നും ഡൽഹിയിലാണ് കൂടിക്കാഴ്ചകൾ നടന്നതെന്നും ശോഭ ഇതിനിടെ പറഞ്ഞിരുന്നു.
വിവാദം നിലനിൽക്കെ ജയരാജനെതിരെ പാർട്ടി നടപടി ഉറപ്പായിരുന്നു. അതിന് തടയിടാനെന്നോണം ജൂൺ 14ന് ശോഭാ സുരേന്ദ്രനെതിരെ ഇ.പി. മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്. കേസിൽ ഇ.പി. ഇനി എന്ത് നടപടി സ്വീകരിക്കുമെന്നതും പ്രസക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.