ആറാട്ടുപുഴ: മകനും ഭാര്യയും കണ്ണെത്താദൂരത്ത് അപകട സാഹചര്യത്തിൽ പെട്ടുപോയതിന്റെ ആധിയിലും സങ്കടത്തിലുമാണ് രഘുവിന്റെ കുടുംബം. രഘുവിന്റെ മകൻ അഖിലിനെ ഹൂതി വിമതർ ബന്ദിയാക്കിയതിന്റെ ഞെട്ടലിൽ ഉഴലുമ്പോഴാണ് ഇരട്ടപ്രഹരമായി മരുമകൾ ജിതിന യുക്രെയ്നിലെ യുദ്ധഭൂമിയിൽ പെട്ടുപോയത്. ആശ്വാസ വാക്കുകൾക്കൊന്നും ഇവരുടെ ഭീതി അകറ്റാനാവുന്നില്ല. ജനുവരി എട്ടിനാണ് ചേപ്പാട് ചിറയിൽ പടീറ്റതിൽ രഘു-ശുഭ ദമ്പതികളുടെ മകൻ അഖിൽ (25) ഹൂതി വിമതരുടെ തടവിലാകുന്നത്. യമനിലെ സുഖോത്ര ദ്വീപിൽനിന്ന് സൗദിയിലെ ജസ്വാം തുറമുഖത്തേക്കുപോയ യു.എ.ഇ പതാക വാഹക ചരക്കുകപ്പലായ റവാബിയാണ് ഹൂതികൾ തട്ടിയെടുത്തത്. യു.എ.ഇ ലിവ മറൈൻ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിൽ സെക്കന്‍ഡ് എൻജിനീയറായിരുന്നു അഖിൽ.
അഖിലിന്റെ മോചനത്തിനുള്ള വഴി തേടുന്നതിനിടയിലാണ് യുക്രെയ്നിൽനിന്ന് സങ്കടവാർത്ത കേൾക്കുന്നത്. അഖിലിന്റെ ഭാര്യ ജിതിന യുക്രെയ്നിലെ കിയവ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. കഴിഞ്ഞ ആഗസ്റ്റ് 20നായിരുന്നു പത്തിയൂർ ആഞ്ഞിലിമൂട്ടിൽ വീണയുടെയും ജയകുമാറിന്റെയും മകളായ ജിതിനയുടെയും അഖിലിന്റെയും വിവാഹം. ഇതിനായി നാട്ടിലെത്തിയ ജിതിന അവധി കഴിഞ്ഞ് ഡിസംബർ 20നാണ് യുക്രെയ്നിലെത്തിയത്. യുദ്ധം തുടങ്ങിയതോടെ താമസിച്ചിരുന്ന കെട്ടിടത്തിൽനിന്ന് കൈയിൽ കിട്ടിയ സാധനങ്ങളുമായി ഡാർനിസ മെട്രോക്ക് അടുത്തുള്ള മറ്റൊരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അഭയം തേടിയിരിക്കുകയാണ് ജിതിനയും 11 സഹപാഠികളും. ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് ഒരുങ്ങുമ്പോഴാണ് യുദ്ധം തുടങ്ങിയത്. നാട്ടിലേക്ക് പോകുന്നതിനാൽ മുറിയിലുണ്ടായിരുന്ന ആഹാരസാധനങ്ങൾ സുഹൃത്തുക്കൾക്ക് കൊടുത്ത് ഒഴിവാക്കിയിരുന്നു.
ശേഷിച്ച ഭക്ഷണമെല്ലാം തീർന്നു. ബിസ്കറ്റും വെള്ളവും കഴിച്ചാണ് കഴിയുന്നത്. ഇതും ഇല്ലാതാകുകയാണെന്നാണ് ജിതിന ശനിയാഴ്ച വിളിച്ചപ്പോൾ പറഞ്ഞത്. യുദ്ധം തുടങ്ങിയ ദിവസം അഖിൽ ജിതിനയെ വിളിച്ച് നാട്ടിലേക്ക് പെട്ടെന്ന് മടങ്ങാൻ പറഞ്ഞു. പെട്ടെന്ന് ഫോൺ കട്ടായി. പിന്നീട് അഖിലിന്റെ ഫോൺ വരുകയോ അങ്ങോട്ട് ബന്ധപ്പെടാനോ പറ്റുന്നില്ലെന്ന് പിതാവ് രഘു പറഞ്ഞു. യുദ്ധ ഭീതി നിലനിൽക്കുമ്പോൾ നാട്ടിലേക്ക് പോകുന്ന കാര്യം കോളജ് അധികൃതരുമായി ചർച്ച ചെയ്തിരുന്നു. എന്നാൽ, ഉടൻ ക്ലാസുകൾ ആരംഭിക്കുമെന്ന മറുപടിയാണ് അവർ നൽകിയത്. ക്ലാസിൽ ഹാജരായില്ലെങ്കിൽ വലിയ തുക നഷ്ടമാകും. ഇതാണ് യാത്ര വൈകാൻ കാരണമായതെന്ന് രക്ഷിതാക്കൾ പറയുന്നു. സർക്കാർ രക്ഷക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.