ആലപ്പുഴ: നഗരസഭാ പ്രദേശം കൊതുകുപടയുടെ പടിയിൽ. രാപകൽ ഭേദമില്ലാതെ എത്തുന്ന കൊതുകളുടെ ആക്രമണത്തിൽ ജനം ആകെ വലയുന്നു. ഇതു കണ്ടിട്ടും കൊതുകു നശീകരണത്തിന് നടപടിയെടുക്കാതെ നഗരസഭ. നഗരത്തിലടക്കം പനിബാധ കുറയാതെ തുടരുകയാണ്.
മഴക്കാലം കഴിഞ്ഞതോടെ നഗരസഭ കൊതുകുനശീകരണം നിർത്തിവെച്ച നിലയിലാണ്. മിക്ക വാർഡുകളിലും കൊതുകു നശീകരണം നടക്കുന്നില്ല. ഒരു വാർഡിൽ 10 പേരടങ്ങുന്ന ടീം എന്ന നിലയിലാണ് കൊതുകുനശീകരണ സ്ക്വാഡ് പ്രവർത്തിച്ചിരുന്നത്. 50 വീടുകൾക്ക് ഒരാൾ എന്ന നിലയിലായിരുന്നു പ്രവർത്തനം. മഴ നിലച്ചതോടെ ഇതിന്റെ താളംതെറ്റി. പല വാർഡുകളിലും മാസത്തിൽ ഒരുതവണ പോലും സ്ക്വാഡ് എത്തുന്നില്ല.
ഫോഗിങ്, സ്പ്രേയിങ് എന്നിവയൊക്കെ നിലച്ചിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ കാനകള്‍ വൃത്തിയാക്കുന്ന പ്രവൃത്തിയും നടക്കുന്നില്ല.
ആരോഗ്യവകുപ്പും ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല. നഗരസഭയും ആരോഗ്യ വകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇക്കാര്യത്തില്‍ പ്രധാന വെല്ലുവിളിയാവുന്നത്.
ഏറ്റവുമധികം കൊതുകുശല്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് ആലപ്പുഴ നഗരസഭ. നഗരത്തിലും പരിസര പ്രദേശങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം ധാരാളമുള്ളതും ജലാശയങ്ങള്‍ വേനല്‍ക്കാലത്ത് വെള്ളംകുറഞ്ഞ് ഒഴുക്കുനിലച്ച് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാവുന്നതുമാണ് കൊതുകുകൾ പെരുകാൻ പ്രധാനകാരണം. വൈകുന്നേരങ്ങളിൽ കൊതുകുകൾ തെരുവുകളിലും വീട്ടകങ്ങളിലും നിറയുന്ന സ്ഥിതിയാണ്. വൈകുന്നേരങ്ങളെ അപേക്ഷിച്ച് പകൽസമയങ്ങളിൽ കൊതുകു ശല്യം അല്പം കുറവാണെങ്കിലും വസ്ത്രങ്ങളിലെല്ലാം ഇവ കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്ന സ്ഥിതിയാണ്. കൊതുകിന്റെ സാന്ദ്രത വർധിക്കുന്നത് ഡെങ്കിപ്പനിക്ക് കാരണമാകാമെന്ന ആശങ്കയുയരുന്നുണ്ട്. ജനുവരി മാസത്തിൽ ഇതുവരെ ജില്ലയിൽ 20 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി തുടക്കത്തിൽ ജില്ലയിലെ പ്രതിദിന പനിബാധിതരുടെ എണ്ണം 400ൽ താഴെയായിരുന്നു. ഇപ്പോൾ 500ന് മുകളിൽ എത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.