ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ 324 മീറ്റർ പൈപ്പ് ലൈൻ കൂടി മാറ്റിസ്ഥാപിക്കും. നിലവിലെ 1524 മീറ്റർ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കേണ്ടിടത്ത് 1200 മീറ്റർ പൈപ്പ് മാറ്റുന്ന ജോലികൾ നടക്കുകയാണ്.
ബാക്കി 324 മീറ്റർ മാറ്റി സ്ഥാപിക്കാനാണ് അവലോകന യോഗത്തിൽ തീരുമാനമായത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികളിലേക്ക് കടക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
1419.56 കോടി രൂപ വിവിധ കുടിവെള്ള പദ്ധതികൾക്കായി ജില്ലയിൽ ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഗ്രാമീണ മേഖലയിലും എസ്.സി. എസ്.ടി. കുടുംബങ്ങൾക്കും ജല ജീവൻ മിഷൻ പൂർത്തിയാകുന്നതോടെ ശുദ്ധജലം ലഭ്യമാകും. കുട്ടനാട് പോലുള്ള പ്രദേശങ്ങളിലെ അതിരൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക യോഗം തിരുവനന്തപുരത്ത് വിളിക്കും.
തുറവൂർ പഞ്ചായത്തിൽ പൂർണ തോതിൽ വെള്ളം ലഭിക്കണമെങ്കിൽ ടാങ്കിന് വളമംഗലം ഭാഗത്ത് 30 സെന്റ് ആവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇതിൽ എത്രയും പെട്ടന്ന് പരിഹാരം കണ്ട് കുടിവെള്ള പ്രശ്നം പരിഹരിക്കാനും മന്ത്രി നിർദേശിച്ചു.
എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്.സലാം, യു. പ്രതിഭ, ദലീമാ ജോജോ, തോമസ് കെ.തോമസ്, എം.എസ്.അരുൺകുമാർ, മന്ത്രി പി.പ്രസാദിന്റെ പ്രതിനിധി, ജില്ല കലക്ടർ വി.ആർ. കൃഷ്ണ തേജ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.