ആലപ്പുഴ: കനാലുകളിലും തോടുകളിലും നിറഞ്ഞ പോള ശല്യം ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി ആലപ്പുഴ നഗരസഭ. ഉണങ്ങിയ കുളവാഴത്തണ്ടുകളുടെ (പോള) ആദ്യ ലോഡ് മധുരയിലേക്ക് അയച്ചു. മധുരയിലെ സ്ഥാപനവുമായി ചേർന്ന് കുളവാഴയിൽനിന്ന് ബദൽ ഉൽപന്നങ്ങൾ കണ്ടെത്തുന്ന സംരംഭത്തിനാണ് നഗരസഭ തുടക്കം കുറിച്ചത്.
ജലസ്രോതസ്സുകളിലെ മാലിന്യം നീക്കി നീരൊഴുക്ക് വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇവരുടെ സാങ്കേതിക സഹായത്തോടെയാണ് നഗരസഭ പുതിയ പദ്ധതി ആവിഷ്കരിച്ചത്.
മന്നത്ത്, പവർഹൗസ്, കളപ്പുര, ആശ്രമം വാർഡുകളിൽ തെരഞ്ഞെടുത്ത തൊഴിലാളികൾക്ക് പരിശീലനവും നൽകി. കഴിഞ്ഞ 13ന് പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. ആറാട്ടുവഴി പാലത്തിന് സമീപം എ.എസ് കനാലിൽനിന്ന് ശേഖരിച്ച കുളവാഴയുടെ വേര് നീക്കി തണ്ടുകൾ ഉണക്കി. 60 ശതമാനം ഉണക്കെത്തിയ തണ്ടാണ് ബദൽ ഉൽപന്ന നിർമിതിക്കായി കൈമാറിയത്. ശേഷിക്കുന്ന വേര് അടക്കം ഭാഗം ജൈവവളമാക്കി കുറ്റിമുല്ല, പച്ചക്കറികൃഷികൾക്ക് ഉപയോഗിക്കും. ഉണക്കിയെടുക്കുന്ന പോളത്തണ്ട് കയറ്റിയയച്ച് കരകൗശല വസ്തുക്കളും സംസ്കരിക്കാവുന്ന നിത്യോപയോഗ പ്ലേറ്റുകളും ഗ്ലാസുകളും നിർമിക്കും. തോടിന് സമീപ വാർഡുകളിലെ പ്രത്യേകം തെരഞ്ഞെടുത്ത് പരിശീലനം നൽകിയ തൊഴിലാളികളാണ് പോള വാരുന്നത്. മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഉണക്കിയെടുത്ത പോളത്തണ്ടിന്റെ ആദ്യ ലോഡ് കയറ്റിഅയച്ചു.
ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന ഫ്ലാഗ് ഓഫ് നഗരസഭ വൈസ് ചെയര്മാന് പി.എസ്.എം ഹുസൈന് നിർവഹിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബീനരമേശ്, കൗണ്‍സിലര്‍മാരായ ബി. അജേഷ്, ഹെലന് ഫെര്‍ണാണ്ടസ്, ഹരിത കേരളമിഷന് ജില്ല കോഓഡിനേറ്റര്‍ രാജേഷ്, ഹെല്‍ത്ത് ഓഫിസര്‍ കെ.പി വർഗീസ്, ഉദ്യോഗസ്ഥരായ സിക്സ്റ്റസ്, സുമേഷ് പവിത്രന്, പോള വാരൽ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.