അമ്പലപ്പുഴ: അമ്പലപ്പുഴ- ഹരിപ്പാട് തീരദേശ റെയിൽവേ പാതയിൽ രണ്ടാം പാളത്തിൽ പരിശോധന വിജയകരമായി പൂർത്തിയാക്കി. ചൊവ്വാഴ്ച വൈകീട്ടാണ് പാളത്തിൽ വേഗ പരിശോധന നടത്തിയത്. ഹരിപ്പാടുനിന്ന് 17.28 മിനിറ്റു കൊണ്ട് ട്രെയിൻ അമ്പലപ്പുഴയിലെത്തി. 18 കി. മീറ്ററുള്ള പാതയിലൂടെ നൂറ് കി.മീ വേഗത്തിലാണ് ട്രെയിൻ ഓടിയത്. ബുധനാഴ്ച വൈകീട്ട് പാളത്തിലൂടെ ആദ്യ സർവിസും നടക്കും. വൈകീട്ട് കൊച്ചുവേളി ബംഗളൂരു ട്രെയിനാണ് ആദ്യ സർവിസ് നടത്തുക.
അമ്പലപ്പുഴ-ഹരിപ്പാട് ഇരട്ടപ്പാത കഴിഞ്ഞ വർഷം മാർച്ചിലാണ് കമീഷൻ ചെയ്തത്. 10 വർഷം കൊണ്ടാണ് പാത നിർമാണം പൂർത്തീകരിച്ചത്. 347 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. പരീക്ഷണാടിസ്ഥാനത്തിൽ നാല് ബോഗികളുമായി ഓടിയ ട്രെയിനിൽ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഈ റൂട്ടിൽ കരുവാറ്റയിലൊഴികെ എട്ട് അടിപ്പാതകളുടെ നിർമാണം പൂർത്തിയായി. നിലവിൽ ഹരിപ്പാട് അമ്പലപ്പുഴ റൂട്ടിൽ ഒരു പാതയിലൂടെ മാത്രമാണ് ട്രെയിനുകൾ ഓടിയിരുന്നത്.
പരിശോധന വിജയകരമായി പൂർത്തിയാക്കിയതോടെ ബുധനാഴ്ച മുതൽ രണ്ട് പാതകളിലൂടെയും ട്രെയിനുകൾ ഓടിത്തുടങ്ങും. ഇതോടെ ഹരിപ്പാടിനും അമ്പലപ്പുഴക്കും ഇടയിൽ ക്രോസിങ്ങിന് ട്രെയിനുകൾ പിടിച്ചിടുന്ന സമയം ലാഭിക്കാൻ കഴിയും. റെയിൽവേ ഡിവിഷനൽ മാനേജർ മുകുന്ദ്, ചീഫ് എൻജിനീയർ ഷാജി സഖറിയ, െഡപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി റോയി, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഗോപകുമാർ, സെക്ഷൻ എൻജിനീയർമാരായ സന്തോഷ്, മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.