അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവ് തുടരുന്നതിനെതിരിൽ പ്രതിഷേധം ഉയരുന്നു. ഒരുമാസത്തിനിടെ രണ്ട് മരണങ്ങൾക്കിടയാക്കിയത് ചികിത്സയിലെ പിഴവും അനാസ്ഥയുമാണെന്ന് ആരോപണമുയരുകയാണ്. പുറക്കാട് നാലാം വാർഡ് തൈവേലിക്കകം വീട്ടിൽ അൻസറിന്റെ ഭാര്യ ഷിബിന (31) ഏപ്രിൽ 28നാണ് മരിച്ചത്.
പുന്നപ്ര അഞ്ചിൽ അബ്ദുല്‍ഖാദറിന്റെ ഭാര്യ ഉമൈബയാണ് (70) കഴിഞ്ഞ ദിവസം മരിച്ചത്. പ്രസവത്തിനുശേഷമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളാണ് ഷിബിനയുടെ മരണത്തിനിടയാക്കിയത്. ചികിത്സാപിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായെത്തിയത് സംഘർഷാവസ്ഥക്ക് വഴിയൊരുക്കിയിരുന്നു.
വേണ്ട പരിശോധനകൾ നടത്താതെ മരുന്നുകൾ മാത്രം നൽകിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അസുഖം കലശലായതോടെ തീവ്രപരിചരണ വിഭാഗത്തിലും തുടർന്ന് വെന്റിലേറ്ററിലും പ്രവേശിപ്പിച്ച ഷിബിന 28ന് ഉച്ചക്ക് 2.30ഓടെ മരിച്ചു.
സംഭവത്തിലുണ്ടായ പ്രതിഷേധമണയുന്നതിന് മുമ്പാണ് ഉമൈബയുടെ മരണം. പനിയെത്തുടര്‍ന്ന് 24 ദിവസത്തോളം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയ ഉമൈബക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ആക്ഷേപം. അണുബാധക്കുള്ള ചികിത്സാസംവിധാനം ഇല്ലെന്ന് ഡോക്ടർമാര്‍ അറിയിച്ചത് പ്രകാരമാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ബുധനാഴ്ച രാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഉമൈബ മരിച്ചത്. പ്രാരംഭഘട്ടത്തില്‍ മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് രോഗം കലശലാകാന്‍ കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. അർധരാത്രിയോടെ ഉമൈബയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ചു.
ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെ ആരംഭിച്ച പ്രതിഷേധം പുലര്‍ച്ച ഒന്നരയോടെയാണ് അവസാനിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എച്ച്. സലാം എം.എല്‍.എ ആരോഗ്യ മന്ത്രിക്ക് കത്ത് നല്കി. ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.