ആറാട്ടുപുഴ: കലിയടങ്ങാത്ത കടലിന് മുന്നിൽ ദുരിതത്തിലായി തീരവാസികൾ. കിടപ്പാടം കടൽ വിഴുങ്ങുമോയെന്ന ഭീതി തീരവാസികളുടെ ഉറക്കം നഷ്ടപ്പെടുത്തുകയാണ്. കടലിൽ പോകാൻ കഴിയാതായതോടെ മത്സ്യത്തൊഴിലാളികൾ ദിവസങ്ങളായി പട്ടിണിയിലാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ വ്യാഴാഴ്ചയും ശക്തമായ കടലാക്രമണമുണ്ടായി. തീരസംരക്ഷണ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് കാർത്തിക ജങ്ഷന് തെക്ക് ഭാഗത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു.
പെരുമ്പള്ളിയിലും എം.ഇ.എസ് ജങ്ഷനിലും വലിയഴീക്കൽ -തോട്ടപ്പളളി തീരദേശ റോഡ് ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് വടക്കുഭാഗം മുതൽ മംഗലം വരെയുള്ള സ്ഥലത്ത് കടലാക്രമണം നേരിട്ടു. പാനൂർ, പല്ലന പ്രദേശങ്ങളിലും സമാനമായ സാഹചര്യമാണ്. അലറിയെത്തുന്ന തിരമാലകൾക്ക് മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കാനേ തീരവാസികൾക്ക് കഴിയുന്നുള്ളൂ. മണൽ കൂട്ടിവെച്ചും ചാക്കിൽ മണൽ നിറച്ച് അടുക്കിയും കടലാക്രമണത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ വിഫലമാവുകയാണ്. കാലവർഷം തുടങ്ങിയത് മുതൽ ശക്തിയാർജിച്ച കടൽ കൊടിയ ദുരിതമാണ് തീരങ്ങളിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. പാനൂർ ഭാഗത്ത് സുനാമി പദ്ധതിയിൽ പെടുത്തി നിർമിച്ച വീടുകൾ അപകട ഭീഷണി നേരിടുന്നു. പലയിടങ്ങളിലും റോഡ് മണ്ണിനടിയിലാണ്. ഇതുമൂലം ഗതാഗതം മുടങ്ങുന്നു. അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കാർത്തിക ജംഗ്ഷന് തെക്കുഭാഗത്താണ് നാലുമണിയോടെ നാട്ടുകാർ റോഡ് ഉപരോധിച്ചത്. പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല. ഇതുമൂലം തീരദേശ റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച കടൽ ഭിത്തി ഇപ്പോൾ ദുർബലമാണ്. കടലാക്രമണ ദുരിതം പേറുന്നതിനിടയിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകാൻ കഴിയാത്ത അവസ്ഥ. കഴിഞ്ഞ കുറെ ദിവസമായി മത്സ്യ ബന്ധനം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. തെർമോകോൾ വഞ്ചിയിൽ കടലിൽ പോയിക്കൊണ്ടിരുന്ന തൊഴിലാളികൾ ഒരാഴ്ചയായി കരയിലിരിക്കുകയാണ്. ബസ്റ്റാന്റ് മുതൽ മംഗലം വരെ കടലാക്രമണ ഭീഷണി കൂടുതലുള്ള 850 മീറ്റർ ഭാഗത്ത് ജിയോ ബാഗ് ഉപയോഗിച്ച് തീരസംരക്ഷണത്തിന് നടപടി എടുത്തതായി ഇറിഗേഷൻ വകുപ്പ് അധികാരികൾ അറിയിച്ചു. അധികൃതർ വ്യാഴാഴ്ച സ്ഥലം സന്ദർശിച്ചു. ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന ഉറപ്പാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.