ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലും വിവിധ സർക്കാർ ആശുപത്രികളിലും ഉൾെപ്പടെ മരുന്നുകൾക്ക് ക്ഷാമം. മെഡിക്കൽ സർവിസസ് കോർപറേഷെൻറ കരാറുകാരായ ചില കമ്പനികൾ നേരത്തെ നൽകിയ മരുന്നുകളുടെ പണം കിട്ടാത്തതിനാൽ വിതരണം നിർത്തിയതാണ് കാരണമെന്നാണ് വിവരം. ചിലയിടങ്ങളിൽ പ്രശ്നം ഭാഗികമായി പരിഹരിച്ചു.
കുടിശ്ശിക തീർത്തതിനെത്തുടർന്ന് ചില ആശുപത്രികളിൽ മരുന്നുകൾ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ ചില ആൻറിബയോട്ടിക്കുകൾ മാത്രമാണുള്ളത്. ഇൻഹേലർ, രക്തസമ്മർദത്തിനുള്ള മരുന്നുകൾ തുടങ്ങിയവക്കാണ് ക്ഷാമം.
ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്കും മറ്റും മരുന്നിനു പുറത്തേക്ക് കുറിച്ചുകൊടുക്കുകയാണ്. അർബുദം, കാർഡിയോളജി, യൂറോളജി വിഭാഗങ്ങളിലെ രോഗികൾക്ക് കാരുണ്യ ഫാർമസിയിലും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലുംനിന്ന് മരുന്നു വാങ്ങേണ്ടിവരുകയാണ്. കോവിഡാനന്തര ചികിത്സയുടെ ഭാഗമായി രക്തം കട്ടപിടിക്കാതിരിക്കാൻ കഴിക്കുന്ന മരുന്നും കിട്ടാനില്ല.
പേ വിഷബാധക്കടക്കം മരുന്നും ആവശ്യക്കാർ പുറത്തുനിന്ന് വാങ്ങുകയാണ്. ഒ.പിയിൽ ഡോക്ടറെ കണ്ടു ഫാർമസിയിൽ ക്യൂ നിന്ന് ശീട്ട് നൽകുമ്പോഴാണ് മരുന്നില്ലെന്ന വിവരം അറിയുന്നതെന്നും പരാതിയുണ്ട്. രാത്രി ആശുപത്രിയിലെത്തുന്ന രോഗികൾ ശരിക്കും വലയും. ആശുപത്രി പരിസരത്തെ മെഡിക്കൽ സ്റ്റോറുകൾ രാത്രി 10ന് അടക്കുന്നതിനാൽ ആശ്രയം ആലപ്പുഴ നഗരത്തിലെ കടകളാണ്. ആശുപത്രി വികസന സമിതി മെഡിക്കൽ സ്റ്റോർ തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.
ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ ഹൃദ്രോഗികൾക്കുള്ള മരുന്നായ ക്ലോപ്ലെറ്റ് ലഭ്യമല്ല. മെഡിക്കൽ സർവിസസ് കോർപറേഷനിലും മരുന്ന് ലഭ്യമല്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ കഴിഞ്ഞയാഴ്ചവരെ മരുന്നുകൾക്ക് കടുത്ത ക്ഷാമമായിരുന്നു. വീണ്ടും മരുന്നുകൾ എത്തിയെന്ന് അധികൃതർ പറഞ്ഞു. കമ്പനികൾക്ക് മരുന്ന് വിലകിട്ടാതെവരുന്ന സാഹചര്യത്തിൽ പലപ്പോഴും പ്രതിസന്ധിയുണ്ടാകുന്നുണ്ട്.
രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവക്ക് ഗുളികകൾപോലും ഇല്ലായിരുന്നു ഒരാഴ്ചയോളം ജനറൽ ആശുപത്രിയിൽ. ഇ.എൻ.ടി, ത്വക്ക്, നേത്രവിഭാഗങ്ങളിൽ സാധാരണ ആവശ്യമുള്ള ഓയിൻമെൻറും ആൻറിബയോട്ടിക്കുകളും തീർന്നിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയിൽ ടി.ടി കുത്തിെവപ്പിനും മരുന്നില്ല. പരാതി ഉയർന്നതോടെ പ്രാദേശികമായി വാങ്ങാൻ അധികൃതർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.