ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞതോടെ ആലപ്പുഴയിൽ ആവേശപ്പോരിനു കളമൊരുങ്ങി. അന്തരീക്ഷ ചൂടിെൻറ അതേ ആവേശത്തിലാണ് നേതാക്കളും പ്രവർത്തകരും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളമൊട്ടാകെ എല്‍.ഡി.എഫ് കടപുഴകിയപ്പോള്‍ ആലപ്പുഴയിൽ എ.എം. ആരിഫ് മാത്രമാണ് ജയിച്ചത്. എന്നാൽ, തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച വിജയം കൈവരിച്ചു. ഇൗ ആത്മബലത്തിലാണ് വിജയത്തുടർച്ചക്കായി പോരിനിറങ്ങുന്നത്.
തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലയിലെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച മന്ത്രി ജി. സുധാകരെനയും കിഫ്ബിയിലൂടെ വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കിയ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെയും അവസാന നിമിഷം ഒഴിവാക്കിയത് തുണയാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കളത്തിലിറങ്ങുന്നത്. ഇതിനൊപ്പം ആലപ്പുഴ നഗരസഭ അധ്യക്ഷപദവിയെച്ചൊല്ലി സി.പി.എമ്മിലെ വിഭാഗീയതയും പടലപ്പിണക്കവും അനുകൂലമാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. സ്വാധീനമുള്ള മണ്ഡലത്തിൽ മികച്ച പോരാട്ടത്തിനൊപ്പം വോട്ടുശതമാനം ഉയർത്താനുള്ള മത്സരത്തിലാണ് എൻ.ഡി.എയുടെ പ്രചാരണം.
2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് ഒഴികെ ഒമ്പത് സീറ്റിലാണ് എൽ.ഡി.എഫ് വിജയിച്ചത്. പിന്നീട്, എ.എം. ആരിഫ് ലോക്സഭ അംഗമായതോടെ 2019ൽ അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് അട്ടിമറിവിജയം നേടി. കെ.കെ. രാമചന്ദ്രൻ നായർ മരിച്ചതോടെ 2018ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മുതിർന്ന നേതാവ് ഡി. വിജയകുമാറിനെ പരാജയപ്പെടുത്തി സജി ചെറിയാൻ വീണ്ടും ചെങ്ങന്നൂരിനെ ചുവപ്പണിയിച്ചു. നിലവിൽ കുട്ടനാട്, ചേർത്തല, ചെങ്ങന്നൂർ, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിൽ എൽ.ഡി.എഫിനും ഹരിപ്പാട്, അരൂർ എന്നിവിടങ്ങളിൽ യു.ഡി.എഫിനും എം.എൽ.എമാരുണ്ട്.
ഇടതുപക്ഷം മൂന്ന് മന്ത്രിമാെര മാറ്റിനിർത്തിയപ്പോൾ രണ്ട് എം.എൽ.എമാർക്ക് അവസരം നൽകിയും പുതുമുഖങ്ങളെ പരിഗണിച്ചുമാണ് ഭരണത്തുടർച്ചക്ക് ജനവിധി തേടുന്നത്. യു.ഡി.എഫ് രണ്ട് സിറ്റിങ് എം.എൽ.എമാർക്ക് വീണ്ടും അവസരം നൽകിയപ്പോൾ പുതുമുഖമായ ഒരുവനിതക്കും അവസരം നൽകി. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥി അരിത ബാബു (26) കായംകുളത്തുനിന്ന് ജനവിധി തേടുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും ഷാനിമോൾ ഉസ്മാനുമാണ് വീണ്ടും അവസരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.