തദ്ദേശ സ്ഥാപനങ്ങളുടെ അലംഭാവം; മഴക്കാലപൂർവശുചീകരണ മെല്ലെപ്പോക്കിൽ

ആലപ്പുഴ: വേനൽ കഴിയാറായി. മഴക്കാലത്ത് വെല്ലുവിളിയാകുന്ന പകർച്ചവ്യാധികൾക്കെതിരെ കരുതലെടുക്കേണ്ട സമയവും അവസാനിക്കുകയാണ്. പക്ഷേ മഴക്കാലപൂർവ ശുചീകരണമെന്ന എല്ലാ വർഷവും നടത്തുന്ന പ്രവർത്തനങ്ങൾ പലയിടത്തും തുടങ്ങിയിട്ടുപോലുമില്ല. പണമുണ്ടായിട്ടും പണി ചെയ്യാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളുണ്ട്. ചിലയിടങ്ങളിൽ നേരത്തേ നടത്തിയ പ്രവർത്തനങ്ങളെ ഈ കണക്കിൽപെടുത്തി രേഖയാക്കി.

യന്ത്രങ്ങൾ ഉപയോഗിച്ച് ചെയ്യേണ്ട പണി തൊഴിലുറപ്പുപദ്ധതിയിൽ ചെയ്ത സ്ഥലങ്ങളുണ്ട്. വകുപ്പുകൾ തമ്മിലെ 'തട്ടിക്കളി'യും കുറവല്ല. ചില പഞ്ചായത്തുകളിൽ ഈ മാസം പകുതി മുതൽ ശുചീകരണം തുടങ്ങാനാണ് പദ്ധതി.

മഴ നേരത്തേ എത്തിയാൽ എല്ലാം പാളും. പദ്ധതി ഇതുവരെ തയാറാക്കാത്ത പഞ്ചായത്തുകളുമുണ്ട്. ചെങ്ങന്നൂർ നഗരസഭയിലും തിരുവൻവണ്ടൂർ, മുളക്കുഴ, വെൺമണി, ആലാ, ചെറിയനാട്, പാണ്ടനാട്, പുലിയൂർ പഞ്ചായത്തുകളിലും ശുചീകരണം തുടങ്ങിയിട്ടില്ല. ശുചീകരണം വൈകിയാൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് പലയിടത്തും. എടത്വ, തലവടി, മുട്ടാർ പഞ്ചായത്തുകളിൽ പ്രവർത്തനങ്ങൾ പേരിന് മാത്രമാണെന്ന് ആക്ഷേപമുണ്ട്.

തൊഴിലുറപ്പു പദ്ധതിയിൽ കാടു തെളിക്കലും ബ്ലീച്ചിങ് പൗഡർ വിതറലും ഉൾപ്രദേശങ്ങളിലോ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലോ നടക്കുന്നില്ലെന്നാണ് പരാതി. എടത്വ പഞ്ചായത്തിൽ കഴിഞ്ഞ വർഷവും എലിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു.

കായംകുളം നഗരസഭയിൽ ഓരോ വാർഡിലും 30,000 രൂപ വീതം ചെലവഴിച്ചെങ്കിലും മിക്കയിടത്തും തോടുകൾ മാലിന്യം നിറഞ്ഞും വെള്ളമൊഴുക്ക് തടസ്സപ്പെട്ടും കിടക്കുകയാണ്. നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ പതിവായി ചെയ്യുന്നതിനപ്പുറം ശുചീകരണമൊന്നും നടക്കുന്നില്ല. പണം ചെലവിട്ടതിന്റെ വൗച്ചറുകൾ എഴുതുന്നുണ്ടെങ്കിലും പണികളുടെ പരിശോധനയില്ലെന്നും ആക്ഷേപമുണ്ട്.

ആലപ്പുഴ നഗരസഭയിൽ 52 വാർഡിലും ഇടത്തോടുകളുടെ സംരക്ഷണത്തിന് ഒരുലക്ഷം രൂപ വീതം അനുവദിച്ചെങ്കിലും പണി ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ല. തൊഴിലുറപ്പ് ജോലിക്കാരെ ഉപയോഗിച്ചുള്ള ഓട വൃത്തിയാക്കൽ പൂർണമല്ലെന്ന പരാതി കൗൺസിലർമാർതന്നെ ഉന്നയിക്കുന്നു. പൊതുശുചീകരണമെന്ന ലക്ഷ്യത്തോടെ 'മഴയെത്തുംമുമ്പേ' കാമ്പയിനിൽ മുൻകരുതൽ നടപടികൾ ഈ മാസം 25 പൂർത്തിയാക്കുമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.

ഒരുമാസം മുമ്പ് പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് മാവേലിക്കര നഗരസഭ അധികൃതർ. എന്നാൽ, യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വിപുലമായ ശുചീകരണം എങ്ങും നടക്കുന്നില്ല.

Tags:    
News Summary - Carelessness of local bodies; In the pre-monsoon cleaning slow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.