ആലപ്പുഴ: ശബരിമല തീർഥാടകരുടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ചെങ്ങന്നൂർ-പമ്പാ അതിവേഗ റെയിൽ ട്രാൻസിറ്റ് പദ്ധതി യാഥാർഥ്യമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പദ്ധതിയുടെ പ്രവർത്തനാധികാരം ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനാണ്.
പദ്ധതി 6480 കോടി ചെലവിലാണ് ആരംഭിക്കുന്നത്, എന്നാൽ, പൂർത്തിയാകുമ്പോൾ 7208.24 കോടിയാകുമെന്ന് കണക്കാക്കുന്നു. 126.16 കി.മീ. നീളമുള്ള പുതിയ ഇരട്ടപ്പാതയിലൂടെ സഞ്ചരിക്കുന്ന ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്ററാണ്. നിർമാണത്തിന് അഞ്ച് വർഷമെങ്കിലുമെടുക്കും.
ചെങ്ങന്നൂരിൽനിന്ന് പുറപ്പെട്ട് കല്ലിശ്ശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോൽപ്പുഴ, റാന്നി, വടശ്ശേരിക്കര, മാടമൺ, അത്തിക്കയം, നിലയ്ക്കൽ, ചാലക്കയം വഴിയാണ് പാത പമ്പയിലെത്തുന്നത്. 14.34 കി.മീ. നീളമുള്ള 20 തുരങ്കങ്ങളും 14.523 കി.മീ. നീളമുള്ള 22 പാലങ്ങളും ഉൾപ്പെടുന്ന പദ്ധതിക്ക് 213.687 ഹെക്ടർ ഭൂമി ഏറ്റെടുക്കണം.
ചെങ്ങന്നൂർ, ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പാ എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റേഷനുകൾ. റെയിൽവേ ബോർഡിന്റെയും കേന്ദ്രമന്ത്രിസഭയുടെയും അന്തിമാനുമതി ലഭിക്കുന്നതോടെ സ്ഥലമേറ്റെടുപ്പും നിർമാണപ്രവർത്തനങ്ങളും ആരംഭിക്കുമെന്ന് എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.