ചെങ്ങന്നൂർ: നീണ്ട കാത്തിരിപ്പിനും സമരങ്ങൾക്കും ഒടുവിൽ ചെന്നിത്തല പുഞ്ചപാടശേഖരത്തിലെ ഒരിപ്പു കൃഷിയുടെ വിളവെടുത്ത നെല്ല് സപ്ലൈകോ സംഭരിച്ചു. വിളവെടുത്തതിന്റെ 11ാം നാളാണ് അവസാന ലോഡ് നെല്ലും കയറ്റിയത്.
പതിരിന് ആറര കിലോയും ഈർപ്പത്തിന് പതിനേഴ് കഴിഞ്ഞുള്ള ഓരോ പോയന്റിനും ഓരോ കിലോയും കുറവ് എന്ന വ്യവസ്ഥയിലാണ് നെല്ല് സംഭരിച്ചത്. പത്താം ബ്ലോകിലെ 55 ഏക്കർ പാടശേഖരത്തിൽ കഴിഞ്ഞ വർഷത്തെ വിളവിന്റെ പകുതി നെല്ല് മാത്രമേ ഈ വർഷം ലഭിച്ചു.
കഴിഞ്ഞ ദിവസം രണ്ട് ലോഡും ബുധനാഴ്ച ബാക്കി രണ്ട് ലോഡ് നെല്ലും കയറ്റിക്കൊണ്ടു പോയി. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, ചെന്നിത്തല കൃഷിഭവൻ ഉദ്യോഗസ്ഥർ, കൃഷി അസി.ഡയറക്ടർ ലേഖാമോഹൻ, ജില്ല പാഡി ഓഫീസർ അമ്പിളി എന്നിവരുടെ തുടർച്ചയായ ഇടപെടലുകളെ തുടർന്നാണ് സംഭരണം നടന്നത്. കൃഷിഭവൻ ഉപരോധമുൾപ്പെടെയുള്ള സമര പരിപാടികൾ കർഷകർ നടത്തിയിരുന്നു.
ശക്തമായ വേനലിൽ നിരന്ന നെൽകതിരിൽ വലിയ നഷ്ടം സംഭവിച്ചതിനു പുറമേയാണു നെല്ല് ശേഖരിക്കുന്ന മില്ലുകാരുടെ പിടിവാശിയും നിസ്സഹകരണവും. കിഴിവായി കർഷകരിൽ നിന്നും വാങ്ങിയ 10 ടണ്ണിലേറെ നെല്ല് മില്ലുകാർക്ക് കൊണ്ടു പോകാൻ കർഷകർ ചുമട്ടുകൂലി നൽകണ്ടിയും വന്നു.
കൃഷി ഇറക്കേണ്ട സമയത്ത് വന്ന കിഴക്കൻ വെള്ളം കർഷകരെ ബുദ്ധിമുട്ടിച്ചു.
മൂപ്പ് കൂടിയ വിത്ത്,വരൾച്ച, പതിര്, മില്ലുകാരുടെ പിടിവാശി എല്ലാം കൂടി കൃഷിക്കാരെ ഈ രംഗത്തു നിന്നും പിന്തിരിയാൻ പ്രേരിപ്പിക്കുകയാണെന്ന് പാടശേഖര സമിതി പ്രസിഡന്റ് വർഗീസ് ജോൺ, സെക്രട്ടറി രാജൻ കന്ന്യത്തറ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.