ചെങ്ങന്നൂർ: നഗരസഭയുടെ ഹോമിയോ, ആയുർവേദ ആശുപത്രി കെട്ടിടം വീണ്ടും വെള്ളക്കെട്ടിലായതോടെ രോഗികളും ജീവനക്കാരും ദുരിതത്തിലായി. അങ്ങാടിക്കൽ കോലാമുക്കത്തു പ്രവർത്തിക്കുന്ന ഹോമിയോ,ആയുർവേദ ആശുപത്രികളുടെ കെട്ടിടമാണ് വെള്ളക്കെട്ടിനു നടുവിലായത്.
പമ്പാനദിയോടു ചേർന്നുള്ള ആശുപത്രി ഇക്കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തും വെള്ളം കയറിയതിനെ തുടർന്ന് ദിവസങ്ങളോളം പ്രവർത്തനം നിലച്ചിരുന്നു. തുടർന്ന് ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് ഇപ്പോൾ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടത്.
മഴവെള്ളത്തിന് ഒഴുകിപോകാൻ കഴിയാത്തതാണ് നിലവിലെ പ്രശ്നം. മഴ കൂടുതൽ ശക്തമാകുകയും കിഴക്കൻ വെള്ളം കൂടി എത്തുകയും ചെയ്താൽ സ്ഥിതി അതിരൂക്ഷമാകും. രോഗികൾക്ക് ആശുപത്രിയിൽ കയറാൻ ക്ലേശകരമാണ് .
ആയുർവേദ ചികിത്സ നടത്തുന്നവരിൽ അധികം പേരും മുതിർന്നവരും പ്രായാധിക്യമുള്ളവരുമാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ അവർക്ക് ആശുപത്രിക്ക് അകത്തു കടക്കാൻ ചെളിവെള്ളത്തിലൂടെ നീന്തണമെന്നതാണ് അവസ്ഥ.
വർഷങ്ങളായി ആയുർവേദ ആശുപത്രി പ്രവർത്തിച്ചിരുന്ന നഗര മധ്യത്തെ വാടകക്കെട്ടിടം കാലപ്പഴക്കത്താൽ ജീർണിച്ച് നിലംപൊത്താറായ ഘട്ടത്തിൽ കോലാമുക്കത്തെ വാടകക്കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു.
നാല്പതിനായിരം രൂപയാണു പ്രതിമാസ കെട്ടിട വാടക. കൂടാതെ നഗരത്തിൽ നിന്നും ഏറെ അകലെയുമാണ് കെട്ടിടം. മഴ പെയ്താൽ വെള്ളം കയറുന്ന ഇവിടെ ഭീമമായ തുക നൽകി കെട്ടിടം എടുത്തത് എന്തിനാണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
മുൻപ് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഭീമമായ നഷ്ടം ഉണ്ടായതിനെ തുടർന്ന് ഇവിടെ പ്രവർത്തിച്ചിരുന്ന പഞ്ചകർമ്മ ചികിൽസാലയം പൂർണമായും നിർത്തലാക്കുകയായിരുന്നു. ഇവിടേക്കാണ് ഇപ്പോൾ നഗരസഭ രണ്ട് ആശുപത്രികളും കൊണ്ടുവന്നത്. രോഗികൾക്ക് സുഗമമായി എത്തിച്ചേരാനുള്ള യാത്രാ സൗകര്യം പോലുമില്ലാത്ത ഇവിടേയ്ക്ക് വരണമെങ്കിൽ വൻതുക നൽകി ഓട്ടോറിക്ഷയിൽ എത്തണം.
വെള്ളം കയറുന്ന ഈ കെട്ടിടം മാറ്റി യാത്രാ സൗകര്യവും സുരക്ഷിതവുമായ മറ്റൊരു കെട്ടിടം കണ്ടെത്തി ആശുപത്രികൾ അവിടേക്കു മാറ്റി പ്രവർത്തിപ്പിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.