കാറും സ്വർണവും കവർന്ന സംഭവം: പ്രതിയെക്കുറിച്ച്​ പൊലീസിന്​ സൂചന ലഭിച്ചു

ചെങ്ങന്നൂർ: കത്തികാട്ടി ഭീഷണിപ്പെടുത്തി കാറും സ്വർണവും പണവും കവർന്ന കേസിലെ പ്രതിയെപ്പറ്റി പൊലീസിന്​ സൂചനകൾ കിട്ടിയതായി വിവരം. ആഡംബരങ്ങൾക്കും കഞ്ചാവിനും അടിമയായ എടത്വ സ്വദേശിയാണെന്നാണ്​ നിഗമനം. ഇയാളുടെ ഒരു കൂട്ടാളിയുണ്ടായിരുന്നത്​ ഇപ്പോൾ ജയിലിലാണ്.

അങ്കമാലിയിൽ പിടിക്കപ്പെടുകയും തുടർന്ന് കോവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയവേ അവിടെനിന്നും കടക്കുകയുമായിരുന്നു.കാർ യാത്രക്കാരനെ മോഷ്​ടിച്ച ബൈക്കിൽ പിന്തുടർന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണമാല, മോതിരം, മൊബൈൽ ഫോൺ, കാമറ എന്നിവ അപഹരിക്കുകയും തുടർന്ന് കാറുമായി കടന്നുകളയുകയുമായിരുന്നു.

പ്രതി ഉടൻ തന്നെ പൊലീസ് വലയിലാകുമെന്ന് ഡിവൈ.എസ്​.പി എം.കെ. ബിനുകുമാർ, സി.ഐ ജോസ് മാത്യു എന്നിവർ പറഞ്ഞു.മാമ്പുഴക്കരയിൽനിന്നും മോഷ്​ടിച്ച ബൈക്ക് എം.സി റോഡിൽ ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ ജങ്​ഷനിൽനിന്നും പൊലീസ് കണ്ടെടുത്തു.

തട്ടിയെടുത്ത കാർ കൊല്ലം ഈസ്​റ്റ്​ പൊലീസ്​ സ്​റ്റേഷൻ അതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ച 12.30ഓടെയാണ് കിടങ്ങൂരിൽനിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന വള്ളികുന്നം മുളക്കവിളയിൽ ശ്രീപതിയുടെ കാർ തട്ടിക്കൊണ്ട് പോയത്. വിഡിയോഗ്രാഫറായ യുവാവിനെ ചങ്ങനാശ്ശേരി മുതൽ ബൈക്കിൽ ഒരാൾ പിന്തുടർന്നിരുന്നു.

പ്രതി യാത്ര ചെയ്ത ചങ്ങനാശ്ശേരി മുതൽ ചെങ്ങന്നൂർ വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ആളെ തിരിച്ചറിയാനായി സാങ്കേതിക വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്. ഇതിനു സമാനമായ മറ്റൊരു സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് അറസ്​റ്റ്​ ചെയ്ത പ്രതിയെയും പൊലീസ് ചോദ്യം ചെയ്തുവരുന്നു.

Tags:    
News Summary - Car and gold stolen: Police have received information about the culprit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.