ചെങ്ങന്നൂർ: മാന്നാറിൽ കോഴിക്കടയുടമയുടെ മകനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് 15വർഷം തടവും 35,000 രൂപ വീതം പിഴയും ശിക്ഷ. മാവേലിക്കര തെക്കേക്കര തടത്തിലാൽ കൃഷ്ണനിവാസിൽ രാധാകൃഷ്ണൻ (58), തെക്കേക്കര കുറത്തികാട് പള്ളിക്കൽ കിഴക്ക് സുഭാഷ് ഭവനിൽ സുഭാഷ് കുമാർ(40) എന്നിവർക്കാണ് ചെങ്ങന്നൂർ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.എസ്. വീണ ശിക്ഷവിധിച്ചത്. മാന്നാർ കുരട്ടിക്കാട്, കുറ്റിയിൽമുക്കിന് കിഴക്കുവശം പ്രവർത്തിച്ചുവരുന്ന ഫ്രണ്ട്സ് ചിക്കൻ സെന്റർ ഉടമ കുരട്ടിശ്ശേരി ഫാത്തിമ മൻസിലിൽ മുഹമ്മദ് ഖനിയുടെ മകനും എം.ബിഎ വിദ്യാർഥിയുമായ വസീം അഫ്സലിനെ (23) 2018 ജൂലൈ 11ന് ബൊലേറോ പിക്അപ് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.
വസീം അഫ്സലിന്റെ വലതുകാൽ ഒടിഞ്ഞ് വേർപെട്ടുപോയിരുന്നു. നിരവധി ആശുപത്രികളിൽ ചികിത്സക്കുശേഷം വലതുകാൽ പൂർണമായും മുറിച്ചുമാറ്റി പിന്നീട് വെപ്പുകാൽ പിടിപ്പിക്കുകയായിരുന്നു. മുഹമ്മദ്ഖനി തമിഴ്നാട് സ്വദേശിയാണ്. 20വർഷത്തിലധികമായി മാന്നാറിൽ കച്ചവടം നടത്തിവരികയാണ്. പ്രതി രാധാകൃഷ്ണനുമായി പണമിടപാടുകളുണ്ടായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് രാധാകൃഷണൻ വസീമിനെ വാഹനമിടിപ്പിച്ചത്. ആക്രമണ ദൃശ്യങ്ങൾ സി.സി ടി.വി കാമറയിൽ പതിഞ്ഞിരുന്നു. വസീമിന് എം.ബി.എ പഠനം പൂർത്തിയാക്കാൻ സാധിക്കാതിരുന്നതിനാൽ മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി. ജാമ്യം റദ്ദാക്കി രണ്ട് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. പ്രതികൾ ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി.
അഡീഷനൽ സബ് ഇൻസ്പെക്ടർ റെജൂബ്ഖാൻ, സബ് ഇൻസ്പെക്ടറായിരുന്ന കെ.എൽ. മഹേഷ് എന്നിവർ അന്വേഷിച്ച കേസിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യു കുറ്റപത്രം സമർപ്പിച്ചു. സി.പി.ഒ ശ്രീനാഥ്, പ്രോസിക്യൂഷൻ എയ്ഡായി സഹായിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്പ്രോസെക്യൂട്ടർ റെഞ്ചി ചെറിയാൻ, ആർ. സ്മിത എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.