ചെങ്ങന്നൂർ : ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തിൽ ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ നടുഭാഗത്തെ പിന്നിലാക്കി വീയപുരം ചുണ്ടൻ കീരീടം ചൂടി. പമ്പാ നദിയിലെ പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ ശനിയാഴ്ച നടന്ന വാശിയേറിയ കലാശ പോരാട്ടത്തിൽ 22 സെക്കന്റിന്റെ വ്യത്യാസത്തിലാണ് യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരിയിലെ ട്രോപ്പിക്കൽ കോസ്റ്റ് ഡൊമിനേറ്റേഴ്സ് ടീമിനെ (36.32) പിന്തള്ളി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ട്രോപ്പിക്കൽ ടൈറ്റാൻസ് തുഴഞ്ഞ വീയപുരം ചുണ്ടൻ 36.18 സെക്കന്റിൽ ജേതാക്കളായത്. പൊലീസ് ബോട്ട് ക്ലബിന്റെ റാഗിംഗ് റോവേഴ്സ് ടീം തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ 38.63 സെക്കന്റെടുത്താണ് മൂന്നാമതായി ഫിനിഷ് പോയന്റ് കടന്നത്.
ഒന്നാം ലൂസേഴ്സ് ഫൈനലിൽ വേമ്പനാട് ബോട്ട് ക്ലബിലെ പ്രൈസ് ചെയ്സേഴ്സ് ടീം തുഴഞ്ഞ ആയാപറമ്പ് പാണ്ടി ഒന്നാമതും കെ.ബി.സി -എസ്.എഫ്.ബി.സിയുടെ തണ്ടർ ഓറസ് ടീം തുഴഞ്ഞ പായിപ്പാടൻ രണ്ടാമതും കുമരകം ടൗൺ ബോട്ട് ക്ലബിലെ ബാക്ക് വാട്ടർ വാരിയേഴ്സിന്റെ ചമ്പക്കുളം ചുണ്ടൻ മൂന്നാമതും ഫിനിഷിംഗ് പോയന്റ് കടന്നു.
ലൂസേഴ്സ് ഫൈനൽ രണ്ടിൽ എൻ.സി.ഡി.സി ബോട്ട് ക്ലബിന്റെ മെറ്റി ഓറസ് ടീം തുഴഞ്ഞ നിരണം ചുണ്ടൻ ഒന്നും പുന്നമട ബോട്ട് ക്ലബിന്റെ ട്രിപ്പിൾ ബ്രേക്കേഴസ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ രണ്ടാമതും ടെൻത്പയസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ജലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ ഓൺലൈനായി അധ്യക്ഷ പ്രസംഗം നടത്തി. വിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ട്രോഫികളും കാഷ് അവാർഡും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.