ചെങ്ങന്നൂർ: പേരിൽ മാത്രം ഒതുങ്ങുന്ന ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ 100 കോടിയുടെ കെട്ടിടം പണി പൂർത്തീകരിച്ച് ചികിത്സവിഭാഗങ്ങൾ എന്നുതിരിച്ചുവരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നിലവിൽ പ്രവർത്തിക്കുന്നത് ഒ.പിയും അത്യാഹിതവിഭാഗവും മാത്രമാണ്. രാജഭരണകാലത്ത് സർ സി.പി. രാമസ്വാമിയുടെ ഷഷ്ട്യബ്ദപൂർത്തിയുടെ ഭാഗമായി 1942ൽ പ്രസവാശുപത്രി ആയാണ് ചെങ്ങന്നൂർ താലൂക്ക് ആസ്ഥാനത്ത് ആരംഭിച്ചത്. അക്കാലയളവിൽ മധ്യതിരുവിതാംകൂറിൽ കൊട്ടാരക്കരക്കും കോട്ടയം മെഡിക്കൽ കോളജിനുമിടയിൽ മറ്റൊരു സർക്കാർ ആതുരാലയമുണ്ടായിരുന്നില്ല. ഇതിനുശേഷമാണ് അടൂർ, തിരുവല്ല, മാവേലിക്കര, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ചികിത്സ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. മറ്റെല്ലായിടത്തും മികച്ച ചികിത്സസംവിധാനങ്ങളായിട്ടും ചെങ്ങന്നൂരിൽ പേരിൽ മാത്രമായി ചുരുങ്ങിയതായാണ് പ്രധാന പരാതി.
ജനകീയ ഭരണംവന്നതോടെ, താലൂക്ക് ആശുപത്രിയായും കമ്യൂണിറ്റി ഹെൽത്ത് സെൻററായും തുടർന്ന് ജില്ല ആശുപത്രിയായും മാറ്റപ്പെട്ടു. പുതിയ കെട്ടിട സമുച്ചയം നിർമിച്ച് അതിൽ അത്യാധുനിക ചികിത്സസൗകര്യങ്ങൾ ഉണ്ടാകുന്ന വിധത്തിലുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് സേവനവിഭാഗങ്ങൾ നിർത്തിവെക്കുകയും - ഒന്നൊഴികെയുള്ള ഓടിട്ടതും, കോൺക്രീറ്റ് മേൽക്കൂരയുള്ളതുമായ പഴയതും പുതിയതുമായ അഞ്ച് കെട്ടിടങ്ങൾ പരിപൂർണമായി അസ്ഥിവാരമുൾെപ്പടെ നീക്കിയിട്ട് ഒരുവർഷം പിന്നിടുന്നു. ന്യൂറോ, യൂറോളജി, കാർഡിയോളജി, എക്സറേ എന്നിവയും ട്രോമാ കെയർ സംവിധാനങ്ങളുമില്ല. പി. പി. യൂനിറ്റിന് പ്രത്യേകം കെട്ടിടമില്ല. ടി.ബി ആശുപത്രി പ്രത്യേക വിഭാഗമായി പ്രവർത്തിച്ചിരുന്നെങ്കിലും കെട്ടിടത്തിെൻറ ശോച്യാവസ്ഥയിൽ പ്രവർത്തനം നിലച്ചിട്ട് പതിറ്റാണ്ടുകളേറെയായി.
കോവിഡ് വ്യാപനത്തോടെ ആശുപത്രിയിൽ പരിശോധനയും വാക്സിനേഷനും മാത്രമായി ചുരുങ്ങി. കെട്ടിട നിർമാണത്തിെൻറ പേരിൽ മറ്റ് ചികിത്സാവിഭാഗങ്ങൾ നിർത്തലാക്കി. പ്രതിഷേധങ്ങൾ വ്യാപകമായതോടെ നാമമാത്രമായി ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് കാമ്പസിൽ ചികിത്സ പുനരാരംഭിച്ചു.
ബോയ്സ് ഹൈസ്കൂൾ 'താൽക്കാലിക ആശുപത്രി'
ഒ.പി. വിഭാഗം മാവേലിക്കര-കോഴഞ്ചേരി എം.കെ. റോഡരികിലെ ഗവ. ബോയ്സ് ഹൈസ്കൂളിലേക്ക് മാറ്റിയെങ്കിലും അവിടെയും അസൗകര്യങ്ങളുടെ പറുദീസകളാണ് രോഗികളെ കാത്തിരിക്കുന്നത്.
താഴത്തെനിലയിൽ ഡോക്ടർമാരുടെ കൺസൾട്ടിങ് മുറികളും മുകളിൽ കിടത്തി ചികിത്സക്കും സൗകര്യമൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇവിടേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ അനുമതിയില്ല.
പ്രവേശന കവാടത്തിൽ കയർ കെട്ടിയിരിക്കുകയാണ്. രോഗികളെ അഡ്മിറ്റ് ചെയ്യാതെ പലപ്പോഴും പറഞ്ഞയക്കുകയാണ് പതിവ്. നിലവിൽ ആശുപത്രി കേന്ദ്രസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ചികിത്സാസൗകര്യം മാത്രമാണുള്ളത്. മറ്റുവിഭാഗങ്ങളും അവിടെയുള്ള ജീവനക്കാരെയും സമീപ പ്രദേശങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഡയഗനോസ്റ്റിക് സെൻറർ, ലാബോറട്ടറി എന്നിവ പോലുമില്ല.
പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ കാലത്ത് ദേശീയ ആരോഗ്യദൗത്യം മിഷൻ 45 ലക്ഷം ചെലവിട്ട് പോസ്റ്റുമോർട്ടം സൗകര്യങ്ങളോടുകൂടിയ മോർച്ചറി നിർമിച്ചെങ്കിലും ഫ്രീസറില്ലാത്തതിനാൽ ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല.
എം.സി റോഡിൽ നിത്യേന ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരെ എത്തിച്ചാലും പലരെയും 50 കിലോമീറ്റർ ദൂരെയുള്ള ആലപ്പുഴ വണ്ടാനത്തെയും കോട്ടയം മെഡിക്കൽകോളജിലേക്കും റഫർ ചെയ്യുകയാണ് .
പുതിയകെട്ടിടം പണിയുന്നതിെൻറ ഭാഗമായി ബദൽ സംവിധാനം ഏർപ്പെടുത്താതെ ആശുപത്രിയുടെ പ്രവർത്തനം ജനങ്ങളെ വലക്കുന്നുണ്ട്. രണ്ടുവർഷത്തിനുള്ളിൽ പൂർത്തികരിക്കുമെന്ന അവകാശവാദമാണ് അനന്തമായി നീളുന്നത്. ഇതിനായി പൊളിച്ച പഴയകെട്ടിടത്തിെൻറ അവശിഷ്ടങ്ങൾ ഇനിയും നീക്കിയിട്ടില്ല.
കോവിഡിെൻറ പേരിൽ 'ചികിത്സ നിഷേധം'
പ്രസവാശുപത്രിയിൽ കോവിഡിെൻറ പേരിൽ പരമാവധി ആരെയും പ്രവേശിപ്പിക്കാതെ പറഞ്ഞുവിടുകയാണെന്നാണ് പ്രധാന പരാതി.
ഗുരുതരാവസ്ഥയിൽ എത്തുന്നവരെപ്പോലും അകത്തേക്ക് കടത്തിവിടാറില്ല. അടുത്തിടെ ആലാ പെണ്ണുക്കര സ്വദേശിനിയായ യുവതിക്ക് ഈ അനുഭവമുണ്ടായി. പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ വിദഗ്ധ ചികിത്സ നിർദേശിച്ച് കോട്ടയത്തേക്ക് പറഞ്ഞുവിടുകയായിരുന്നു. യാത്രാമധ്യേ, ആംബുലൻസിലായിരുന്നു പ്രസവം.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.