പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിട സമുച്ചയം നിർമിക്കും
ചെങ്ങന്നൂർ: മധ്യ തിരുവിതാംകൂറിലെ ഒരു കാലത്ത് വളരെയധികം പ്രാധാന്യമേറിയ യാത്രാകേന്ദ്രമായിരുന്ന ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷൻ പുനരുജ്ജീവന പ്രതീക്ഷയിൽ. സ്റ്റാൻഡിെൻറ പുനരുദ്ധാരണത്തിന് നടപടി ആരംഭിച്ചു. നഗരത്തിെൻറ മുഖഛായ മാറ്റുന്ന പ്രധാന പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. ഇതിെൻറ ഭാഗമായി മന്ത്രി സജി ചെറിയാൻ, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ, മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഡിപ്പോ സന്ദർശിച്ചു. ഏഴ് പതിറ്റാണ്ട് മുമ്പ് നിർമിച്ച്, നിലവിൽ തകർച്ച നേരിടുന്നവയാണ് കെ.എസ്.ആർ.ടി.സി ഓഫിസ് കെട്ടിടവും വർക്ക്ഷോപ്പും. ഒപ്പം സർവിസുകൾക്ക് ആവശ്യമായ ബസുകളുടെയും ജീവനക്കാരുടെയും കുറവും പുതിയ റൂട്ടുകളുടെ അഭാവവും ഡിപ്പോയുടെ വികസനത്തിന് തടസ്സമായി.
പഴയ കെട്ടിടം പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിട സമുച്ചയം നിർമിക്കും. നഗരത്തിലെ പാർക്കിങ്ങിനുകൂടി പരിഹാരമാകുന്ന വിധത്തിലുള്ള പുനരുദ്ധാരണമായിരിക്കും നടപ്പാക്കുക.
ചെങ്ങന്നൂരിൽ നിർത്തലാക്കിയ ഫാസ്റ്റ് സർവിസുകളും ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്ന പ്രാദേശിക ഓർഡിനറി സർവിസുകളും അടിയന്തരമായി പുനരാരംഭിക്കാനും പ്രാദേശിക സർവിസുകളെല്ലാം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന രീതിയിൽ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാനും ബിജു പ്രഭാകറിനും കെ.എസ്.ആർ.ഇ.ടി.എ ചെങ്ങന്നൂർ യൂനിറ്റ് അംഗങ്ങൾ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.