ചെങ്ങന്നൂർ: ലോക്സഭ തെരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിനെ പിന്തുണക്കുന്നതാണ് ചെങ്ങന്നൂരുകാരുടെ ശീലം. ഇത്തവണയും അതിനാണ് സാധ്യത കൽപിക്കപ്പെടുന്നത്. മണ്ഡലത്തിൽ മൂന്നു പ്രധാന മുന്നണികളുടെയും സ്ഥാനാർഥികൾ സജീവമായ മൂന്നാംവട്ട തെരഞ്ഞെടുപ്പ് പര്യടന സ്വീകരണ പരിപാടികളിലാണ്.
കുടുംബയോഗങ്ങളിലാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥ കാരണം പ്രചാരണ പൊതുസമ്മേളനങ്ങൾക്കു ഇതുവരെ ആരും പ്രാമുഖ്യം നൽകി കാണുന്നില്ല.
വോട്ടർമാർക്കിടയിൽ റേഷൻ കടകളിൽകൂടിയുള്ള മണ്ണെണ്ണ, ഗോതമ്പ്പൊടി എന്നിവയുടെ വിതരണം നിലച്ചതും പാചക വാതകം, പെട്രോൾ ഡീസൽ വില വർധന, നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വില, സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശിക തുടങ്ങിയവ വലിയ തോതിൽ അമർഷത്തിനിടയാക്കുന്നു.
1600 രൂപ വീതമുള്ള പ്രതിമാസ പെൻഷൻ പ്രശ്നം സജീവമായി ഉയരുമ്പോൾ വിവിധ ക്ഷേമനിധി ആനുകൂലങ്ങളും തയ്യൽ തൊഴിലാളി കെട്ടിടനിർമാണ തൊഴിലാളി പെൻഷനുകൾ ഉൾപ്പടെയുള്ളവ ഒരു വർഷമായി ഗുണഭോക്താക്കൾക്ക് കിട്ടുന്നില്ല.
10 ഗ്രാമപഞ്ചായത്തും നഗരസഭയും ഉൾപ്പെടെ 11 തദ്ദേശസ്വയംഭര സ്ഥാപനങ്ങളുള്ള ചെങ്ങന്നൂർ നിയമസഭ നിയോജക മണ്ഡലത്തിൽ ഒരിടത്തൊഴികെ മറ്റെല്ലായിടവും ഇടതുപക്ഷത്തിന്റെ ആധിപത്യത്തിലാണ്. ചെങ്ങന്നൂർ മുനിസിപ്പലാറ്റിയിൽ മാത്രമേ യു.ഡി.എഫ് ഭരണം നിലവിലുള്ളൂ. തിരുവൻവണ്ടൂർ, ചെന്നിത്തല -തൃപ്പെരുന്തുറ, പാണ്ടനാട് എന്നീ മൂന്നു ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി ഭരണത്തിലേറിയെങ്കിലും പിന്നീട് കോൺഗ്രസ് പിന്തുണയിൽ സി.പി.എം അധികാരത്തിലേറി മുന്നോട്ട് പോകുകയാണ്. മുളക്കുഴ, വെൺമണി, ആലാ, ചെറിയനാട്, പുലിയൂർ, ബുധനൂർ, മാന്നാർ എന്നിവയാണ് നിയോജക മണ്ഡലത്തിലെ മറ്റുപഞ്ചായത്തുകൾ.
ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ എപ്പോഴും യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള ചെങ്ങന്നൂർ അത്യപൂർവമായേ ഇടതു പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുള്ളൂ. 1957ൽ പ്രഥമ നിയമസഭ സ്പീക്കറായിരുന്ന അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ ആർ. ശങ്കരനാരായണൻ തമ്പിയെ വിജയിപ്പിച്ചശേഷം 10 വർഷത്തെ കാത്തിരിപ്പിനുശേഷം സി.പി.എമ്മിലെ പി.ജി. പുരുഷോത്തമൻപിള്ളയെ ’67ലും ’70ലും തെരഞ്ഞെടുത്തു. തുടർന്നിങ്ങോട്ട് ഐക്യ മുന്നണിയുടെ തേരോട്ടമായിരുന്നു. പിന്നീട് ’87 ൽ കോൺഗ്രസ് എസിലെ അഡ്വ. മാമ്മൻ ഐപ്പിലൂടെ എൽ.ഡി.എഫ് പിടിച്ചെടുത്ത മണ്ഡലം 1991ൽ ശോഭന ജോർജിലൂടെ കോൺഗ്രസിന്റെ കരങ്ങളിലായി. തുടർച്ചയായി മൂന്നു തവണ വിജയം കരസ്ഥമാക്കിയശേഷം ശോഭന തിരുവനന്തപുരത്തേക്ക് മത്സരം മാറ്റിയപ്പോൾ പകരക്കാരനായെത്തിയ പി.സി. വിഷ്ണുനാഥ് തുടർച്ചയായി രണ്ടു ടേം ഇവിടെ നിന്ന് വിജയിച്ചു.
തുടർന്ന് സി.പി.എമ്മിലെ അഡ്വ. കെ.കെ. രാമചന്ദ്രൻ നായരെ സ്ഥാനാർഥിയാക്കി പി.സിയെ തകർത്തു. കാലാവധി പൂർത്തിയാക്കും മുമ്പേ കെ.കെ. ആറിന്റെ അപ്രതീക്ഷിതമായ വിയോഗം ഉപതെരഞ്ഞെടുപ്പിനു വഴിയൊരുക്കി. പി.സി. വിഷ്ണുനാഥിനോട് ആദ്യം ഏറ്റുമുട്ടി പരാജയപ്പെട്ട സജി ചെറിയാൻ വീണ്ടും മത്സരിച്ച് കോൺഗ്രസിലെ അഡ്വ. ഡി. വിജയകുമാറിനെ തോൽപിച്ചു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി നാലുതവണ മാവേലിക്കര മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എം. മുരളിയെ വള്ളപ്പാടുകൾക്കു പിന്നിലാക്കി സജി ചെറിയാൻ തന്റെ മണ്ഡലത്തിലെ സ്വാധീനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.
1971 മുതൽ 2019 വരെ നടന്ന 13 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ 1980ൽ പ്രഫ. പി.ജെ. കുര്യനും ’84ൽ തമ്പാൻ തോമസും 2004ൽ സി.എസ്. സുജാതയുമാണ് വിജയിച്ചത്. ഇതിൽ സുജാത മാത്രമേ സി.പി.എമ്മിന്റെ പ്രതിനിധിയായിട്ടുള്ളൂ.
കുര്യൻ കോൺഗ്രസ് ടിക്കറ്റിൽ തുടർച്ചയായി നാലുതവണ 1989, 1991, 1996, 1998 തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിലേക്കു ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിൽനിന്ന് ഐക്യ മുന്നണി സ്ഥാനാർഥികളാണ് വ്യക്തമായ മേൽക്കൈ നേടാറുള്ളത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടുനില
കൊടിക്കുന്നിൽ സുരേഷ് (യു.ഡി.എഫ്) 61242
ചിറ്റയം ഗോപകുമാർ (എൽ.ഡി.എഫ്) 51403
തഴവ സഹദേവൻ (എൻ.ഡി.എ) 24854
ഭൂരിപക്ഷം (യു.ഡി.എഫ്) 9839
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടുനില
സജി ചെറിയാൻ (എൽ.ഡി.എഫ്) 71502
എം. മുരളി (യു.ഡി.എഫ്) 39409
എം.വി. ഗോപകുമാർ (എൻ.ഡി.എ) 34620
ഭൂരിപക്ഷം (എൽ.ഡി.എഫ്) 32093
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.