ചെങ്ങന്നൂർ (ആലപ്പുഴ): 10 മാസത്തെ നീണ്ട ഇടവേളക്കുശേഷം പുതുവർഷത്തിൽ ചെങ്ങന്നൂർ നഗരമധ്യത്തെ സർക്കാർ സ്കൂളുകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾ എത്തുക അസൗകര്യങ്ങളുടെ പറുദീസയിലേക്ക്. ബോയ്സ്-ഗേൾസ് ഹൈസ്കൂളുകൾ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ദയാവധത്തിന് വിധിക്കപ്പെട്ട സ്ഥിതിയിലാണ്.
ഏതുനിമിഷവും തലക്ക് മുകളിൽ തകർന്നുവീഴേക്കാവുന്ന സ്ഥിതിയിലാണ് പെൺ പള്ളിക്കൂടത്തിെൻറ അവശേഷിച്ച കെട്ടിടം. വികസനത്തിെൻറ പേരിൽ ജില്ല ആശുപത്രിയുടെ ഒ.പി വിഭാഗവും മറ്റും ബോയ്സ് ഹൈസ്കൂളിലേക്ക് മാറ്റാൻ, ചിലരുടെ ഏകപക്ഷീയ തീരുമാനത്തെത്തുടർന്ന് കുടിയിറക്കപ്പെട്ടതോടെ പെൺ പള്ളിക്കൂട വരാന്തയിൽ അഭയാർഥികളാകേണ്ടിവന്നു ആൺകുട്ടികൾക്കും അധ്യാപകർക്കും. ഈ ദുരവസ്ഥയിൽ സർക്കാർ പ്രഖ്യാപിച്ച തീയതിയിൽ സ്കൂൾ തുറന്നാൽ വിദ്യാർഥികളെ എവിടെ, എങ്ങനെയിരുത്തി പഠിപ്പിക്കുമെന്ന ആശങ്കയിലാണ് ഇരു വിദ്യാലയത്തിലെയും അധ്യാപരും രക്ഷിതാക്കളും.
അടുത്ത കാലത്ത് ആരംഭിച്ച വി.എച്ച്.എസ്.സി വിഭാഗത്തിെൻറ രണ്ട് ബാച്ച് പ്രവർത്തിക്കുന്ന ഒറ്റനില വാർക്കക്കെട്ടിടം ഒഴിച്ചാൽ ഗേൾസ് സ്കൂളിെൻറ അഞ്ചുമുതൽ 10ാംതരം വരെയുള്ളവരുടെ പഠനമുറികളും വിവിധ ഓഫിസുകളും പ്രവർത്തിക്കുന്നത് അപകടനിലയിലുള്ള മേൽക്കൂരക്ക് താഴെയാണ്.
1818ൽ തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് സ്ഥാപിച്ചതാണ് സ്കൂൾ കെട്ടിടങ്ങൾ. അവയിൽ നല്ലൊരു ഭാഗവും നേരേത്ത വിവിധ ഘട്ടങ്ങളിലായി നിലംപൊത്തിയിരുന്നു. അവശേഷിച്ച കെട്ടിടമാണ് ഇപ്പോൾ നിലനിൽകുന്നത്.
വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള മൂത്രപ്പുരകളും ശൗചാലയങ്ങളും പുതുതായി വേണം. നിലവിലുള്ളത് ഉപയോഗയോഗ്യമല്ല. സ്കൂൾ വളപ്പിൽ രണ്ട് കിണർ ഉണ്ടെങ്കിലും ശുചീകരിച്ചവയല്ല. മാലിന്യം നിറഞ്ഞു കിടക്കുന്നു. വേനൽ കടുത്താൽ കുടിവെള്ളക്ഷാമം നേരിടുന്ന ഭാഗമാണിത്. നിലവിൽ മൂന്ന് സ്കൂളുകൾക്കുള്ള ശുദ്ധജലസ്രോതസ്സ് ഈ കിണറുകളാണ്. പാചകപ്പുരയും കൈകഴുകാനുള്ള സംവിധാനവും പുതുതായി വേണം. മുൻ വർഷങ്ങളിൽ പ്രവർത്തിച്ചവയെല്ലാം മാലിന്യം മൂടി ഉപയോഗശൂന്യമായി കിടക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ പരിസര ശുചീകരണവും ക്ലാസ് മുറികൾ അണുമുക്തമാക്കണമെന്നുമുണ്ട്. എന്നാൽ, ഇതിനുള്ള നടപടി ആരംഭിച്ചിട്ടില്ല.
1992ൽ ഐ.എച്ച്.ആർ.ഡിയുടെ എൻജിനീയറിങ് കോളജ് സമീപത്ത് നിലവിലുണ്ടായിരുന്ന ആൺപള്ളിക്കൂടത്തിൽ ആരംഭിച്ചപ്പോൾ ഗേൾസ് സ്കൂളിെൻറ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന കുെറ കെട്ടിടങ്ങൾ ബോയ്സ് സ്കൂളിനും ആലപ്പുഴ ജില്ല ഡയറ്റ് കേന്ദ്രത്തിനും ഡയറ്റിെൻറ കീഴിലുണ്ടായിരുന്ന മോഡൽ യു.പി സ്കൂളിനുമായി പങ്കുെവച്ചു. ശേഷിച്ച കെട്ടിടങ്ങളിലെ പരിമിത സൗകര്യത്തിൽ വിയർത്തും കിതച്ചുമാണ് ഗേൾസ് സ്കൂൾ പിന്നെ പ്രവർത്തിച്ചത്.
അങ്ങനെയുള്ള കെട്ടിടമാണ് ഇപ്പോൾ ജീർണാവസ്ഥയിലായത്. രണ്ട് കോടി രൂപ അടങ്കൽ തുകയുള്ള മൂന്ന് മുറി വീതം വരുന്ന ഇരുനില കെട്ടിടം ഗേൾസിന് വേണ്ടി നിർമാണം ആരംഭിച്ചിരുന്നു. ഇപ്പോൾ പണി അവസാനഘട്ടത്തിലാണ്. ഇനി വയറിങ് പൂർത്തിയാക്കി വൈദ്യുതി കണക്ഷൻ എടുക്കണം. ശുദ്ധജല വിതരണത്തിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കണം.
കെട്ടിടത്തോടുചേർന്നുള്ള ശൗചാലയ ബ്ലോക്ക്, പാചകപ്പുര, കൈ കഴുകാനുള്ള സംവിധാനത്തിെൻറ നിർമാണവും മറ്റും അവശേഷിക്കുന്ന പ്രവൃത്തികളാണ്. മേൽപറഞ്ഞ പുതിയ കെട്ടിടനിർമാണം അവസാന ഘട്ടത്തിലേക്കെത്തിയ സമയത്താണ് സർക്കാർ ആശുപത്രി വികസനത്തിെൻറ പേരിൽ ഒ.പി വിഭാഗം ഷിഫ്റ്റ് ചെയ്യാൻ ബോയ്സ് സ്കൂളിെൻറ പ്രവർത്തനം നിർത്തിവെപ്പിക്കാനുള്ള തീരുമാനവുമായി ചിലർ രംഗത്തെത്തുന്നതും ബലപ്രയോഗത്തിലൂടെ സ്കൂൾ സാധനസാമഗ്രികളും ഫർണിച്ചറുകളുമടക്കം നിലവിൽ പെൺപള്ളിക്കൂടം നേരിടുന്ന, അസൗകര്യങ്ങളുടെ നടുവിലേക്ക് മാറ്റുന്നതും.
ഈ തീരുമാനത്തിൽ തുടക്കംമുതലേ പി.ടി.എ കമ്മിറ്റിയും രക്ഷിതാക്കളും വിയോജിപ്പ് കടുപ്പിച്ചതോടെ ഇവരെ വരുതിയിലാക്കാൻ ഗേൾസിനുവേണ്ടി നിർമിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം ബോയ്സിന് നൽകാൻ എം.എൽ.എ വാഗ്ദാനം ചെയ്തു. അതോടെ അക്ഷരാർഥത്തിൽ വെട്ടിലായത് ഗേൾസ് ആണ്. കെട്ടിട സൗകര്യം സാങ്കേതികമായി ലഭിച്ചെങ്കിലും ഒപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ഇല്ലായ്മയിൽ ബോയ്സ് സ്കൂളും ബുദ്ധിമുട്ടിലായ അവസ്ഥയാണ്. ഇതോടെയാണ് രണ്ട് സ്കൂളുകളുടെയും ശനിദശക്ക് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.