ചെങ്ങന്നൂർ: നഗരസഭയിലെ മംഗലത്തിൽ വാണി സ്കൂളിന് സമീപത്തു നടന്ന കുടുംബശ്രീയുടെ ഓണാഘോഷ പരിപാടിയിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20ഓളം പേർക്ക് പരിക്ക്.
ആറാം വാർഡ് എ.ഡി.എസ് ചെയർപേഴ്സൻ ഉമ്മാറത്തറയിൽ ശരണ്യ, അയൽക്കൂട്ടം അംഗങ്ങളായ കന്നിമേൽത്തറയിൽ ഉഷ കുമാരി, കന്നിമേൽത്തറയിൽ രാധ എന്നിവർക്കും പരിക്കു പറ്റി.
ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. കഞ്ചാവു വിൽപന കേസുകളിൽ പ്രതിയായ അനുവിനു നേരെ മംഗലം സ്വദേശികളായ സുരേഷ് ഉമ്മാറത്തറ (60),കിരൺ ചെമ്പകശ്ശേരി (26), സജേഷ് ഉമ്മാറത്തറ (32) എന്നിവരുടെ നേതൃത്വത്തിൽ പുറത്തുനിന്നു എത്തിയവരുൾപ്പെടുന്ന സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്.
ഓണാഘോഷത്തിനെത്തിയ കുട്ടികൾ അനുവിനെ ആക്രമിക്കുന്നതെന്തിനെന്ന് അന്വേഷിച്ചതിനെ തുടർന്ന് കുട്ടികളെയും സ്ത്രീകളെയും വടിയും കല്ലുംകൊണ്ട് സംഘം ആക്രമിക്കുകയായിരുന്നു. സാധനങ്ങളുമായെത്തിയ വാനിന്റെ ചില്ല് തകർക്കുകയും ഡ്രൈവർ മംഗലം കന്നിത്തറയിൽ രാഹുലിനെ മർദിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയതോടെ ആക്രമികൾ ഓടി രക്ഷപ്പെട്ടു. രാത്രി 10 മണിയോടെ പ്രതി സുരേഷിനെ പൊലീസ് പിടികൂടി.
സംഭവത്തെ തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം 50 ലേറെ പേർ ചെങ്ങന്നൂർ എക്സൈസ് സി.ഐ ഓഫിസിന് മുന്നിൽ ധർണ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.