ചെങ്ങന്നൂർ: ആവേശത്തിന്റെ അലകളുയർത്തി യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെയും കലാശക്കൊട്ട്. പരസ്യപ്രചാരണത്തിന്റെ അവസാനനാളിലെ ആവേശത്തിനിടെ നേരിയസംഘർഷമുണ്ടായി. പൊലീസും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും ഉന്തുംതള്ളുമുണ്ടായി. ബുധനാഴ്ച വൈകീട്ട് അഞ്ചിന് എം.സി റോഡിൽ ബഥേൽ ജങ്ഷനിലായിരുന്നു സംഭവം. എൽ.ഡി.എഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിനെ ക്രെയിനിന്റെ മുകളിലേക്ക്കയറ്റി ആവേശം വാനോളം ഉയർത്തി. ഈസമയം വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്, എൽ.ഡി.എഫ് സ്ഥാനാർഥി സി.എ. അരുൺകുമാർ, എൻ.ഡി.എ സ്ഥാനാർഥി ബൈജു കലാശാല എന്നിവരുടെ പ്രചാരണത്തിന്റെ സമാപനം ചെങ്ങന്നൂരായിരുന്നു. ഇടതു മുന്നണി എൻജിനീയറിങ് കോളജ് ജങ്ഷനിലും യു.ഡി.എഫ് പ്രവർത്തകർ ബഥേൽ കവലയിലും നിലയുറപ്പിച്ചു. എൻ.ഡി.എ പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് മുന്നിലാണ് ഒത്തുകൂടിയത്.
എന്നാൽ, ബി.ജെ.പിക്കാർ യു.ഡി.എഫിന് അനുവദിച്ച ഭാഗത്തേക്കാണ് കുടുതലായി എത്തിയത്. അണികൾക്ക് ആവേശംപകർന്നാണ് മൂന്ന് സ്ഥാനാർഥികളും എത്തിയത്. മന്ത്രി സജി ചെറിയാനും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. സി.എസ്. സുജാത അടക്കക്കമുള്ള നേതാക്കളും എത്തിയതോടെ ആവേശം അലതല്ലി. സ്ഥാനാർഥികളായ കൊടിക്കുന്നിൽ സുരേഷിനെയും ബൈജു കലാശാലയെും അനൗൺസ്മെന്റ് വാഹനങ്ങളുടെ മുകളിൽ കയറ്റിയാണ് എതിരേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.