ചെങ്ങന്നൂർ: മാന്നാറിൽ നിയമവിരുദ്ധമായ സമാന്തര സമ്പദ്വ്യവസ്ഥകൾ വ്യാപകമായതോടെ ആത്മഹത്യകൾ തുടർക്കഥയാവുന്നു. സാമ്പത്തിക തട്ടിപ്പിനിരയായി മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കുരട്ടിക്കാട് ഓംകാറിൽ വി.കെ. ശ്രീദേവിയമ്മ (71) ആത്മഹത്യ ചെയ്തതാണ് ഒടുവിലത്തെ സംഭവം.
ബ്ലേഡ് മാഫിയക്ക് പുറമെ മീറ്റർപ്പലിശ, പൊക്കപ്പലിശ, ആഴ്ചപ്പലിശ, പണമിരട്ടിപ്പ് തുടങ്ങിയ പല പേരുകളിലാണിവ അറിയപ്പെടുന്നത്. വീട്ടമ്മമാരാണ് ഏറെയും കബളിപ്പിക്കപ്പെടുന്നത്. കണ്ണികൾ പുരുഷന്മാരും. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ കൊണ്ടുവന്ന ഓപറേഷൻ കുബേര ഇപ്പോൾ ഫ്രീസറിലാണ്. പണമിടപാടുമായി ബന്ധപ്പെട്ട പരാതികൾ പൊലീസ് സ്റ്റേഷനിലെത്തിയാൽ ഒതുക്കിത്തീർക്കാൻ പ്രത്യേക റാക്കറ്റുകൾതന്നെ പ്രവർത്തിക്കുന്നുണ്ട്. അമിത സാമ്പത്തിക പ്രലോഭനങ്ങൾ നടത്തി പണവും സ്വർണവും നഷ്ടപ്പെടുന്നവരിൽ ഭൂരിഭാഗവും അപമാനഭയത്താൽ പുറത്ത് പറയാറില്ല. 57, 10, അഞ്ചു ലക്ഷം, 17 പവൻ എന്നിങ്ങനെ നഷ്ടടമായവരുണ്ട്. മാന്നാർ, കുരട്ടിക്കാട്, കുട്ടമ്പേരൂർ, ചെന്നിത്തല എന്നിവടങ്ങളിലാണ് കണ്ണികൾ പ്രവർത്തിക്കുന്നത്.
മണിചെയിൻ മാതൃകയിലാണ് തട്ടിപ്പ്. പ്രദേശത്ത് മൂന്ന് ആത്മഹത്യയാണുണ്ടായത്. പലരും കൊടുത്ത പണത്തിനും സ്വർണത്തിനും രേഖകളില്ല. ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ ഒന്നേമുക്കാൽ ലക്ഷത്തിന്റെയും നോട്ട് എണ്ണിയെടുക്കുന്ന വിഡിയോയും മാത്രമേ തെളിവായിട്ടുള്ളൂ എന്നാണറിയുന്നത്. തട്ടിപ്പിനിരയായ പലരും അപമാനഭാരം ഭയന്ന് നിയമ സഹായം തേടാറില്ല. മുൻ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ രണ്ട് സ്ത്രീകളും രണ്ട് യുവാക്കളുമടങ്ങുന്ന സംഘമാണ് പ്രാദേശികമായി പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ തൊഴില്‍ സംരംഭം തുടങ്ങാനാണെന്നും നിഷേപിക്കുന്ന തുകക്ക് ഉയർന്ന പലിശ ഉള്‍പ്പെടെ തിരികെ നല്‍കുമെന്നും തെറ്റിദ്ധരിപ്പിച്ച് ബാങ്ക് മാനേജര്‍ എന്നുപറഞ്ഞ് വിശ്വാസമാര്‍ജിക്കാന്‍ സംഘത്തിലെ ഒരുയുവാവിനെ പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ശ്രീദേവിയമ്മയിൽനിന്ന് പലപ്പോഴായി സംഘം പണവും സ്വർണവും തട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ ഫലപ്രദമായ അന്വേഷണം നടന്നില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.